സ്പോർട്സ് ഡസ്ക്ക് : സമയം പുലർച്ചെ 7.30. അവസാന ലാപ്പിൽ അണി നിരന്ന് ഇന്ത്യയുടെ വനിത കബടി ടീം. ആദ്യ റൗണ്ടിൽ നേടിയ മുൻതൂക്കവുമായി മറുപക്ഷത്ത് ചൈന. ആതിഥേയ രാജ്യമെന്ന നിലയിൽ ലഭിച്ച മുൻതൂക്കം. ഗാലറി നിറയെ സ്വന്തം ടീമിനായി ആർപ്പ് വിളിക്കാൻ നിരന്നിരിക്കുന്ന ചൈനീസ് പൗരൻമാർ. ആശങ്കയുടെ നിമിഷങ്ങൾ. കളി മുറുകും തോറും ഇരുടീമുകൾക്കും പോയിറ്റ് നില ഒരേ പോലെ. കളി അവസാനിക്കാൻ 20 സെക്കന്റ് മാത്രം. പാഞ്ഞടുത്ത ചൈനീസ് താരത്തെ പൊക്കിയെടുത്ത് മലർത്തിയടിച്ച് കളത്തിലിട്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ. കളി നിയമം അനുസരിച്ച് ബോണസ് പോയന്റ് ഇന്ത്യയ്ക്ക്. ഒരു നിമിഷം . പൊട്ടിത്തെറിച്ച് ഇന്ത്യൻ സംഘം. വനിത കബടിയിൽ സ്വർണം ഇന്ത്യയ്ക്ക്. വെറും സ്വർണമല്ല. ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗയിംസിൽ ഇന്ത്യ നൂറ് മെഡൽ നേടിയിരിക്കുന്നു. അഭിനന്ദന പ്രവാഹമായിരുന്നു തുടർന്നു. ആദ്യം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശമെത്തി. കായിക മന്ത്രി അനുരാഗ് താക്കൂർ അടക്കമുള്ളവർ അഭിമാനപൂർവ്വം ദില്ലിയിൽ മാധ്യമങ്ങളെ കണ്ടു. അതേ , ഇന്ത്യ സ്വർണം വാരികൂട്ടിയിരിക്കുന്നു.
1951ൽ ഏഷ്യാഡ് എന്ന പേരിൽ ഇന്ത്യ തുടക്കമിട്ടതാണ് ഏഷ്യൻ രാജ്യങ്ങളുടെ കായിക മാമാങ്കം. അന്ന് തൊട്ട് ഇന്ന് വരെയുള്ള ചരിത്രമെടുത്താൻ ഇന്ത്യയുടെ മെഡൽ വേട്ട ശരാശരി എന്ന് മാത്രമേ പറയാനാകൂ. 42 ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇന്ത്യ ആദ്യ അഞ്ചിൽ പോലും എത്തുന്നത് അപൂർവ്വം. ജക്കാർത്തയിൽ അഞ്ച് വർഷം മുമ്പ് നടന്ന ഏഷ്യൻ ഗയിംസിൽ 70 മെഡൽ നേടിയതാണ് ഏറ്റവും വലിയ നേട്ടം. പക്ഷെ ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നു. ഗുസ്തി ഫെഡറേഷനിലെ വിവാദവും , കായിക സംഘടനകളുടെ തമ്മിലടിയുമൊക്കെ വാർത്തയായെങ്കിലും കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിൽ രാജ്യം വിജയിച്ചിരിക്കുന്നു. ഓരോ മേഖലയിലും പ്രത്യേകം ശ്രദ്ധപതിപ്പിച്ചാണ് മേഡൽ നേട്ടത്തിന് കാരണമായതെന്ന് കായിക മന്ത്രാലയം വിശദമാക്കുന്നു.
മെഡൽ വേട്ടയിൽ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. 25 സ്വർണം, 35 വെള്ളി, 40 വെങ്കലം എന്നിവ ഉൾപ്പെടുന്നതാണ് മെഡൽ വേട്ട. ഇന്ത്യയ്ക്ക് തൊട്ട് മുമ്പിലുള്ളത് ജപ്പാനാണ്. 169 മെഡലുകൾ ഇത് വരെ നേടിയിട്ടുണ്ട്. 356 മെഡലുകളുമായി ഒന്നാം സ്ഥാനത്ത് ചൈനയും 172 മെഡലുമായി കൊറിയയും രണ്ടാം സ്ഥാനത്ത് തുടരുന്നു. വരും ദിവസങ്ങളിൽ മെഡൽ നിലയിൽ മാറ്റങ്ങളുണ്ടാകും. ഇന്ത്യക്ക് തൊട്ട് പുറകിൽ അഞ്ചാം സ്ഥാനത്ത് 68 മെഡലുമായി ഖസാക്കിസ്ഥആൻ നിലയുറപ്പിച്ചിട്ടുണ്ട്.
നേട്ടത്തിന് പിന്നിലെ മലയാളി
പിടി ഉഷ എന്ന പേര് മാത്രം ധാരാളം. ഒളിപിക്സിൽ സൂപ്പർ ഓട്ടക്കാരിയായി വരവറിയിച്ച നാൾ മുതൽ ഇന്ത്യൻ കായികമേഖലയുടെ മുഖമാണ് പിടി ഉഷ. ഏഷ്യൻ ഗയിംസിനായി ഒരുക്കങ്ങൾ നടക്കുന്ന സമയത്താണ് കേന്ദ്ര സർക്കാർ പിടി ഉഷയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി നിയമിച്ചത്. കായികതാരമായും കോച്ചായും പതിറ്റാണ്ടായി പ്രവർത്തിച്ചുള്ള പരിചയം കൈമുതലാക്കിയായിരുന്നു പിടി ഉഷയുടെ വരവ്. അടിമുടി ഉടച്ച് വാർക്കാനും കായിക താരങ്ങളുടെ ആവിശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന രീതിയിൽ സിസ്റ്റത്തെ ചലിപ്പിക്കാനും ഉഷയ്ക്കായി. കായിക മന്ത്രാലയത്തിലെ മേലാളൻമാരും ഉഷയുടെ വാക്ക് കേട്ട് പ്രവർത്തിച്ചു. നിലവിലെ മേഡൽ നേട്ടം കായിക മേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സാണ് പിടി ഉഷയുടെ ലക്ഷ്യം.കൂടുതൽ മെഡലുകൾ നേടി ഇന്ത്യ ഒളിപിക്സ് പോഡിയത്തിന്റെ ഉന്നതിയിൽ നിൽക്കുന്നത് ഓരോ ഇന്ത്യക്കാരനും സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു.