മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട ∙ മണ്ഡല–മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല നട ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തുറക്കും.
വൃശ്ചികം ഒന്നായ 17 മുതൽ പുലർച്ചെ 3 മുതൽ പകൽ 1 വരെ, പിന്നീട് 3 മുതൽ രാത്രി 11 വരെ ഹരിവരാസനവരെയുള്ള ദർശനക്രമമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈനായി 70,000 പേരെയും തത്സമയ ബുക്കിംഗിലൂടെ 20,000 പേരെയും ദർശനത്തിന് അനുവദിച്ചിട്ടുണ്ട്.
ബുക്കിംഗ് റദ്ദാകുന്ന സ്ലോട്ടുകൾ തത്സമയ ബുക്കിംഗിന് മാറ്റിവയ്ക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്ക് മുമ്പ് നടപ്പന്തൽ ഭാഗത്ത് നിന്ന് പ്രത്യേക ക്യൂ ക്രമീകരിച്ചിരിക്കുന്നു.
വിവിധ വകുപ്പുകളുമായി ഏകോപനം ഉറപ്പാക്കാൻ പരിചയസമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27 രാത്രി 10ന് നട അടയ്ക്കും;
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് 5ന് വീണ്ടും തുറന്നുകൊടുക്കും. നട ജനുവരി 20ന് അടയ്ക്കും. മകരവിളക്ക് ജനുവരി 14നാണ്.
വഴിപാടുകൾ ഓൺലൈനായും നേരിട്ടുമുള്ള ടിക്കറ്റിലൂടെ നടത്താം.
അപകട ഇൻഷുറൻസ് വിപുലീകരണം
മുൻപ് നാല് ജില്ലകളിൽ മാത്രമുണ്ടായിരുന്ന അപകട ഇൻഷുറൻസ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചു. തീർത്ഥാടകർ മരിച്ചാൽ കുടുംബത്തിന് ₹5 ലക്ഷം വരെ ഇൻഷുറൻസ് തുക ലഭിക്കും.
ആംബുലൻസ് ചെലവിന് സംസ്ഥാനത്തിനു പുറത്തേക്ക് ₹1 ലക്ഷം വരെയും സംസ്ഥാനത്തിനകം ₹30,000 വരെയും അനുവദിക്കും. എല്ലാ പ്രീമിയവും ദേവസ്വം ബോർഡ് വഹിക്കും. അസുഖം മൂലം മരിക്കുന്നവർക്കായി ₹3 ലക്ഷം സഹായനിധിയും ഏർപ്പെടുത്തി.
ശബരിമലയിൽ പുതുക്കിയ സംവിധാനങ്ങൾ
മരക്കൂട്ടം മുതൽ സന്നിധാനം വരെ തീർത്ഥാടകർക്ക് വിശ്രമത്തിനായി ബെഞ്ചുകൾ സ്ഥാപിച്ചു. വലിയ നടപ്പന്തൽ മുതൽ ശരംകുത്തിവരെ 400 മീറ്റർ ദൈർഘ്യമുള്ള ഇരിപ്പിട സൗകര്യവും ഒരുക്കി.
ചൂടുവെള്ള കിയോസ്കുകൾ, 56 ചുക്കുവെള്ള വിതരണ കേന്ദ്രങ്ങൾ, കുടിവെള്ള കിയോസ്കുകൾ എന്നിവയും സജ്ജമാക്കി.
1,200 വിശുദ്ധി സേനാംഗങ്ങളും നിരവധി ശുചീകരണ തൊഴിലാളികളും 24 മണിക്കൂറും സേവനത്തിനുണ്ടാകും.
സന്നിധാനത്ത് 1005 ശൗചാലയങ്ങൾ — ഇതിൽ 885 സൗജന്യം, 120 പണമടച്ച് ഉപയോഗിക്കാവുന്നവ.
ശരംകുത്തി ക്യൂ കോംപ്ലക്സുകളിൽ 164 ശൗചാലയം, പമ്പയിൽ 300 (70 സ്ത്രീകൾക്കായി) ഒരുക്കി.
പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 58 ബയോ-ടോയ്ലറ്റുകൾ പ്രവർത്തനം തുടങ്ങി.
ചില ഭാഷകളിലുള്ള ദിശാബോർഡുകളും അടിയന്തര നമ്പറുകളും ഉൾപ്പെടുത്തി യൂട്ടിലിറ്റി ബോർഡുകൾ സ്ഥാപിച്ചു.
മറ്റു സംവിധാനങ്ങൾ
– 15 എമർജൻസി മെഡിക്കൽ സെന്ററുകൾ
– അരവണ ഉൽപ്പാദനം ദിവസം 3.5 ലക്ഷം ടിൻ വരെ
– അന്നദാനം: രാവിലെ ഉപ്പുമാവ്–കടലക്കറി, ഉച്ചക്ക് പുലാവ്, രാത്രി കഞ്ഞി
– തമിഴ്‌നാട്ടിൽ നിന്ന് തീർത്ഥാടകർക്ക് 50 ലക്ഷം കവർ ബിസ്‌കറ്റ് വിതരണം
– സന്നിധാനത്ത് 546 മുറികൾ താമസത്തിനായി; ശബരി ഗസ്റ്റ് ഹൗസിലെ 56 മുറികൾ പൂർണമായി പുതുക്കിപ്പണിതു
English Summary
The Sabarimala temple will open on Sunday evening for the Mandala–Makaravilakku festival season, with extended darshan timings and enhanced facilities for pilgrims. A total of 90,000 devotees will be allowed daily through online and spot bookings.









