പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട് കാർ കണ്ടെത്തി
ഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട് കാർ പൊലീസ് കണ്ടെത്തി.
DL 10 CK 0458 എന്ന നമ്പറിലുള്ള കാർ ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു.
ഫരീദാബാദ് പൊലീസ് വാഹനത്തെ കസ്റ്റഡിയിൽ എടുത്തു.
സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹി നഗരത്തിൽ മുഴുവൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ ഉമറും മുസ്മിലും കൂടി വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് രണ്ടുകാർ കൂടി വാങ്ങിയതായി പൊലീസ് കണ്ടെത്തി.
ഇതിൽ ഒന്ന് ഡൽഹിയിലെ ന്യൂ സീലംപൂരിൽ രജിസ്റ്റർ ചെയ്തതാണെന്നും, രേഖകൾ പ്രകാരം വാഹനം ഡോക്ടർ ഉമർ നബി എന്ന പേരിലാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
വ്യാജ രേഖകൾ നൽകിയാണ് രജിസ്ട്രേഷൻ നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.
ഇതിനിടെ, എൻഐഎയുടെ അന്വേഷണത്തിൽ ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിനായി പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് തെളിഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷങ്ങളിലോ ദീപാവലി സമയത്തോ ആക്രമണം നടത്താനായിരുന്നു നീക്കം.
മുസ്മിലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ചാന്ദ്നി ചൗക്ക്, ജമാ മസ്ജിദ് പ്രദേശങ്ങളിലെ സന്ദർശനങ്ങൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചു.
ഫരീദാബാദിൽ നടന്ന അറസ്റ്റുകളെ തുടർന്ന് ഉമർ ഭീതിയിലായെന്നും, ഇല്ലെങ്കിൽ ഇതിലും വൻതോതിലുള്ള ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ഭൂട്ടാനിൽ നിന്നുമടങ്ങിയ പ്രധാനമന്ത്രി എൽ.എൻ.ജെ.പി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
ഇരുപത് മിനിറ്റ് നീണ്ട സന്ദർശനത്തിനിടെ ചികിത്സാ പുരോഗതി അന്വേഷിച്ച മോദി, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി.
English Summary:
Delhi Police have recovered a red Ford EcoSport (DL 10 CK 0458) linked to the Delhi blast case from Khandawali village in Faridabad. The car, allegedly used by suspects Umar Nabi and Musmil Shakeel, was registered under fake addresses. NIA investigation reveals the accused had earlier planned attacks during Republic Day or Diwali celebrations and had visited sensitive areas like Chandni Chowk and Jama Masjid. Security agencies are searching for more vehicles purchased by the suspects. Prime Minister Modi, returning from Bhutan, visited the injured at LNJP Hospital and assured that the culprits will be brought to justice.









