ആലപ്പുഴ:ആലപ്പുഴയിൽ എക്സൈസ് നടത്തിയ ഓപ്പറേഷനിൽ ഒന്നരക്കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നും കഞ്ചാവും പിടികൂടി.
ജില്ലയിൽ ഇതുവരെ ഒരേസമയം പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി ശേഖരം എന്ന പ്രത്യേകതയും നടപടിയ്ക്കുണ്ട്.
ലഹരിക്കച്ചവടത്തിന്റെ അന്തർസംസ്ഥാന ശൃംഖലയിലേക്കുള്ള പ്രധാന കണ്ണികളായ മൂന്ന് പേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മൂന്നു പേർ കുടുങ്ങി
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയിൽ പി.എസ്. അപ്പു (29), തൃശൂർ തലോർ കളപ്പുരയ്ക്കൽ കെ.എസ്. അനന്തു (30) എന്നിവരാണ് പിടിയിലായവർ.
ജില്ലയിൽ ആദ്യമായി ഗുളിക രൂപത്തിലുള്ള എംഡിഎംഎ പിടികൂടി
പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഉൾപ്പെടുന്നത് 2 കിലോ കഞ്ചാവ് ,1.1 കിലോ ഹാഷിഷ് ഓയിൽ ,334 എംഡിഎംഎ ഗുളികകൾ ജില്ലയിൽ ആദ്യമായാണ് ഗുളികാ രൂപത്തിൽ എംഡിഎംഎ പിടികൂടുന്നത് ,4 ഗ്രാം മെത്താഫെറ്റമിൻ
തുടർന്ന്, 5 മൊബൈൽ ഫോണുകളും ₹63,500 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവരിൽ ഓരോരുത്തരും മുൻപ് ലഹരിക്കടത്ത് കേസുകളിൽ പ്രതികളായിരുന്നുവെന്ന വിവരവും പുറത്തുവന്നു.
ഫിലിപ്പീൻസ് മൊബൈൽ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ലഹരിവ്യാപാരം
ലഹരിക്കച്ചവടം നടത്തുന്നത് സാങ്കേതികമായി ഉയർന്ന തലത്തിൽ ആസൂത്രണം ചെയ്താണ്. ഫിലിപ്പീൻസ് മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇടപാടുകൾ നടത്താനുള്ള സവിശേഷ രീതിയായിരുന്നു ഇവർ പിന്തുടർന്നത്.
മൊബൈൽ നമ്പർ ട്രാക്കിംഗ് ഒഴിവാക്കാൻ ഉപയോഗിച്ച ആധുനിക സംവിധാനങ്ങൾ അന്വേഷണ സംഘത്തെ അതിശയിപ്പിച്ചു.
സംസ്ഥാനത്തെ ലഹരി ശൃംഖലയിലേക്ക് അന്വേഷണത്തിന് വേഗം
ഓപ്പറേഷൻ നയിച്ചത് ആലപ്പുഴ എക്സൈസ് സർക്ല്‍ ഇൻസ്പെക്ടർ ആർ. പ്രശാന്ത് ആണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിബു പി ബെഞ്ചമിൻ, സി. വി. വേണു, ഇ.കെ. അനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജില്ലയിൽ ഇത്രയും വലിയ തോതിൽ ലഹരി ഒരുമിച്ച് പിടികൂടുന്നതിൽ വിജയിച്ചതോടെ,
സംസ്ഥാനത്തെ ലഹരിവസ്തു വിതരണ ശൃംഖലയുടെ കൂടുതൽ ബന്ധങ്ങൾ പുറത്ത് വരാൻ സാധ്യതയുണ്ടെന്ന് എക്സൈസ് അധികൃതർ സൂചിപ്പിച്ചു.
English Summary
Three youths were arrested in Alappuzha with drugs worth over ₹1.5 crore. This is the largest drug bust recorded in the district.









