തിരുവനന്തപുരം:സിനിമ ഷൂട്ടിംഗിനായി യാത്ര ചെയ്യുന്നതിനിടെ നടിക്ക് നേരെ ലൈംഗികാതിക്രമശ്രമം നടത്തിയെന്ന പരാതിയിൽ കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) റെയിൽവേ സ്റ്റേഷനിലെ പോർട്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
അരുണ്‍ എന്നാണ് അറസ്റ്റിലായ പോർട്ടറുടെ പേര്. സംഭവത്തെ തുടർന്നു റെയിൽവേ അധികൃതരും ഇയാളെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനായി കൊച്ചുവേളി സ്റ്റേഷനിലെത്തിയ നടി മറുവശത്തെ പ്ലാറ്റ്‌ഫോമിലെത്താനുള്ള മാർഗം ചോദിച്ചതിനെ തുടർന്ന്, “ട്രാക്ക് മുറിച്ചുകടക്കാതെ എളുപ്പത്തിൽ എത്തിക്കാമെന്ന്” വിശ്വസിപ്പിച്ച് പോർട്ടർ സഹായം വാഗ്ദാനം ചെയ്തു.
ട്രെയിൻ എസി കോച്ച് വഴി കൊണ്ടുപോയപ്പോൾ നടി ദുരനുഭവം നേരിട്ടെന്നാണ് പരാതി
അതിനായി സ്റ്റേഷനിൽ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിച്ചുതരാമെന്ന് പറഞ്ഞായിരുന്നു അരുണിന്റെ നിർദേശം.
നടി ആദ്യം മടിച്ചുവെങ്കിലും, റെയിൽവേ ജീവനക്കാരനെന്ന നിലയിൽ വിശ്വാസം കൊണ്ടാണ് അദ്ദേഹത്തോടൊപ്പം പോകാൻ തീരുമാനിച്ചത്. തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തിയ ശേഷം ട്രാക്കിലേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി.
റെയിൽവേ അധികൃതർ ആദ്യം പോർട്ടറെ പിന്തുണച്ചെന്ന ആരോപണവും വിവാദവും
സംഭവത്തിനുശേഷം നടി റെയിൽവേ അധികൃതരെ വിവരം അറിയിച്ചെങ്കിലും, പോർട്ടറെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു ചിലരുടെ ഇടപെടലെന്ന് നടി ആരോപിച്ചു. ഇതോടെ നടി നേരിട്ട് പേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി പരിഗണിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് അരുണിനെ അറസ്റ്റ് ചെയ്തത്.
വനിതാ യാത്രികർക്ക് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ജാഗ്രത ആവശ്യമെന്ന് യാത്രക്കാർ
സുരക്ഷിതമായി യാത്ര ചെയ്യേണ്ട സ്‌റ്റേഷനുകളിലാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരം. യാത്രയ്ക്കായി സഹായം ആവശ്യപ്പെട്ടപ്പോൾ തന്നെയാണ് ഞെട്ടിക്കുന്ന അനുഭവം നേരിടേണ്ടിവന്നത് എന്നായിരുന്നു നടി സുഹൃത്തുക്കളോട് പറഞ്ഞതായി വിവരം.
സംഭവം പുറത്ത് വന്നതോടെ സ്റ്റേഷനുകളിൽ വനിതാ യാത്രികരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായി.
സ്റ്റേഷനുകളിൽ സിസിടിവി നിരീക്ഷണം ശക്തമാക്കാനും, വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽപ്പ്‌ഡെസ്ക് സംവിധാനം കൂടുതൽ ഫലപ്രദമാക്കാനും യാത്രക്കാർ ആവശ്യപ്പെടുന്നു.
English Summary
A railway porter arrested for molesting an actress at Kochuveli Railway Station Thiruvananthapuram. The incident occurred last Thursday.









