താര ദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും മക്കളും പ്രേക്ഷക പ്രീതി നേടിയവരാണ്. ബാലതാരമായി വന്ന കാളിദാസ് ജയറാം ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ചക്കി എന്ന് വിളിക്കുന്ന മാളവികയ്ക്കും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരാണ് താരത്തിന്റെ ഗേൾ ഫ്രണ്ട്. ഇപ്പോഴിതാ മാളവികയുടെ പ്രണയവും സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നു.
കാറിൽ രണ്ടുപേർ കൈകോർത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ പുതിയൊരു പോസ്റ്റും താരപുത്രി പങ്കു വെച്ചു. ജയറാമിനും പാർവതിക്കും കാളിദാസിനും തരിണിക്കുമൊപ്പം വിദേശത്ത് അവധി ആഘോഷിക്കുന്നതാണ് ചിത്രങ്ങൾ. കൂട്ടത്തിലെ അവസാന ചിത്രത്തിൽ മുഖം മറഞ്ഞ യുവാവിനൊപ്പം നിൽക്കുന്ന മാളവികയെ കാണാം. ഇതോടെ മാളവിക പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ‘ചിത്രത്തിലുള്ളത് ആരാണ്’ എന്ന ചോദ്യമാണ് പോസ്റ്റിനു താഴെ നിറയുന്നത്. കാളിദാസിന്റെയും പാർവ്വതിയുടെയും തരിണിയുടെയും കമന്റുകൾ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരുടെ സംശയം വർധിക്കുന്നു. ‘അളിയാ’ എന്നാണ് കാളിദാസ് കമന്റ് ചെയ്തിരിക്കുന്നത്.
താരപുത്രനായ ധ്രുവ് വിക്രം ആണ് ചിത്രത്തിൽ എന്നും ചിലർ പറയുന്നു. വിവാഹം തീരുമാനിച്ചോ, എന്തുകൊണ്ടാണ് ബോയ് ഫ്രണ്ടിന്റെ മുഖം കാണിക്കാത്തത് തുടങ്ങിയ ചോദ്യങ്ങളുമുണ്ട്. വീട്ടുകാർ അറിഞ്ഞുള്ള ബന്ധമല്ലേ, മുഖം സീക്രട്ടാക്കി വെക്കേണ്ടതുണ്ടോയെന്നും ചിലർ ചോദിക്കുന്നു. എന്നാൽ ആരാധകരുടെ ചോദ്യത്തിന് ഇതുവരെ മാളവികയോ താര കുടുംബമോ പ്രതികരിച്ചിട്ടില്ല. ജയറാമിനൊപ്പം പരസ്യചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മായം സെയ്ത് പോവേ’ എന്ന തമിഴ് മ്യൂസിക് വീഡിയോയിൽ തമിഴ് നടൻ അശോക് സെൽവനൊപ്പവും അവർ അഭിനയിച്ചിരുന്നു. മൂന്നു ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള മാളവിക ഇൻസ്റ്റാഗ്രാമിലും സജീവമാണ്.
Also Read: വെള്ളിത്തിരയിലെ പെണ്ണുടലും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയയും