പോഡ്കാസ്റ്റുകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി സ്‌പോട്ടിഫൈ ടെക്‌നോളജി. കമ്പനി വക്താക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡാക്‌സ് ഷെപ്പേര്‍ഡ്, ലെക്‌സ് ഫ്രിഡ്മാന്‍ തുടങ്ങിയ പോഡ്കാസ്റ്റുകള്‍ വോയ്സ് ട്രാന്‍സ്ലേഷന്‍ ആരംഭിച്ചതായി കമ്പനി വക്താക്കള്‍ വ്യക്തമാക്കി.
മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍എഐയുടെ പിന്തുണയുള്ള ഈ ഫീച്ചര്‍ വഴി ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ ആ പതിപ്പുകളും യഥാര്‍ത്ഥ അവതാരകരുടെ ശബ്ദത്തിലും ശൈലിയിലുമായിരിക്കും കേള്‍ക്കാന്‍ കഴിയുക. ഇത് വഴി പരമ്പരാഗത ഡബ്ബിങ് ശൈലികളില്‍ നിന്ന് വ്യത്യസ്തമായി ഏറെ സ്വഭാവികതയോടെ തന്നെ ശ്രോതാക്കള്‍ക്ക് അത് ആസ്വദിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
‘ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ക്ക് ഈ ഫീച്ചറിലൂടെ പുതിയ പോഡ്കാസ്റ്ററുകള്‍ കണ്ടെത്താനും അത് ആസ്വദിക്കാനും സാധിക്കും. അങ്ങനെ ശ്രോതാക്കളും അവതാരകരും തമ്മില്‍ ഒരു മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ സ്പോട്ടിഫൈ വിപി സിയാദ് സുല്‍ത്താന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ തിരഞ്ഞെടുത്ത പോഡ്കാസ്റ്റ് ഷോ എപ്പിസോഡുകളുടെ ട്രാന്‍സ്ലേഷന്‍ പതിപ്പുകള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാണ്. അവ സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ കേള്‍ക്കാന്‍ സാധിക്കും. ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ക്ക് ശേഷം ഇത് വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വോയിസ് ട്രാന്‍സ്ലേഷന്‍ ഫീച്ചറിലൂടെ പോഡ്കാസ്റ്റുകളുടെ ശ്രോതാക്കളുടെ എണ്ണം കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
സ്‌പോട്ടി ഫൈ സൗജന്യമായി ഉപയോഗിക്കുന്നവരെ പ്രീമിയം സെഗ്‌മെന്റിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുമായി സ്‌പോട്ടിഫൈ എത്തിയത് കഴിഞ്ഞ മാസമാണ്.
Also Read:‘എക്സി’ന് പണം നൽകണം; സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്