പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ പതിമൂന്നുകാരനാണ് പുതിയതായി രോഗം കണ്ടെത്തിയത്.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. പത്തുപേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്. ഈ പത്തുപേർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. അതേസമയം കഴിഞ്ഞദിവസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരുമരണം റിപ്പോർട്ട് ചെയ്തിരുന്നു.
തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഹീം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം
കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ എന്ന മൂക്കില്‍ നിന്ന് വെള്ളമൊലിക്കുന്ന അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം എളുപ്പത്തിൽ പിടിപെടാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. എന്നാൽ തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല.
മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ് എന്നറിയപ്പെടുന്നത്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതു വഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് പുറത്തേക്ക് ഒഴുകും.
ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യത ഏറെയാണ്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയുണ്ട്.
ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
Summary: Another case of amoebic meningoencephalitis reported in Kerala as a 13-year-old boy from Malappuram tested positive. The child is currently undergoing treatment at Kozhikode Medical College Hospital.