‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’
ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം തുറന്നു പറഞ്ഞത്.
എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം താറുമാറാക്കുന്ന ഒരു നടപടി സ്വീകരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യയുമായുള്ള വ്യാപാരബന്ധം തടയുക എന്നത് വളരെ പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നത് തങ്ങളേക്കാള്‍ യൂറോപ്പിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്.
യൂറോപ്പ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ത്യക്കും റഷ്യയ്ക്കും എതിരായ നടപടികള്‍ കര്‍ശനമായി താന്‍ തുടരുമെന്നും ആണ് ട്രംപിന്റെ നിലപാട്.
അതിനിടെ ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു.
യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്നാണ് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആവശ്യപ്പെട്ടത്.
ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന പ്രതി പിടിയില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിനെ വെടിവെച്ചു കൊന്ന പ്രതി പിടിയില്‍. ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ് തന്നെയാണ് കൊലയാളി പിടിയിലായ കാര്യം അറിയിച്ചത്.
പ്രതിയുടെ അച്ഛന്‍ തന്നെയാണ് പ്രതിയെ കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
യൂട്ടാ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പ്രതിയ്ക്കായി എഫ്ബിഐ വ്യാപക തിരച്ചിലാണ് നടത്തിയിരുന്നത്.
സംഭവ ശേഷം പ്രതി രക്ഷപ്പെടുന്ന വീഡിയോ ഇന്ന് പുറത്ത് വിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു.
വെടിയേറ്റതിന് പിന്നാലെ ചാര്‍ലി കിര്‍ക്ക് കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വിദ്യാര്‍ത്ഥികള്‍ നിലവിളിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറത്തുവിട്ടത്.
തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.
അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ളിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
Summary: US President Donald Trump stated that the double tariffs imposed on India have caused a rift in bilateral relations. He revealed this in an interview with Fox News.