ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി
പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന് ഡോക്ടർ ചികിത്സ നൽകിയത് വാട്സ്ആപ്പ് വഴി. മുറിവ് വ്രണമായതിനെ തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊടുന്തറ പടിഞ്ഞാറേ വിളയില്‍ മനോജിന്റെയും രാധയുടെയും മകന്‍ മനുവാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ദുരിതം അനുഭവിക്കുന്നത്.
ഓഗസ്റ്റ് 28-ന് ആണ് സൈക്കിളില്‍ നിന്നു വീണ് കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മനുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞതിനാല്‍ തന്നെ കൈ നീരുവെച്ചിരുന്നു.
ഈ സമയം അസ്ഥിരോഗ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ചത്.
തുടർന്ന് ഇദ്ദേഹം കൈയ്യിലെ എക്‌സ്‌റേയുടെ ഫോട്ടോ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. ഫോട്ടോ നോക്കിയ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്ററിടുകയായിരുന്നു.
നാല് ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കണ്ടപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി നോക്കാനോ കൂടുതല്‍ പരിശോധനയ്‌ക്കോ തയ്യാറായില്ലെന്ന് മനുവിന്റെ കുടുംബം ആരോപിക്കുന്നു.
കൈയില്‍ പൊട്ടല്‍ ഇല്ലെന്നും ചതവാണുള്ളതെന്നും ബോധ്യപ്പെട്ടിട്ടും വേദനയ്ക്ക് മരുന്ന് നല്‍കി ഒരാഴ്ച കഴിഞ്ഞ് വരാന്‍ മാത്രമാണ് ഡോക്ടര്‍ പറഞ്ഞത്.
എന്നാല്‍ അടുത്ത ദിവസം ആയപ്പോഴേക്കും വേദന കടുത്തതിനെ തുടര്‍ന്ന് വീട്ടില്‍ വെച്ച് പ്ലാസ്റ്റര്‍ അഴിച്ച് നോക്കിയപ്പോഴാണ് കൈയ്യില്‍ നിന്നു പഴുപ്പും രക്തവും ഒഴുകിയത്. വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ശരിയാവണ്ണം പരിശോധിക്കെ പ്ലാസ്റ്റര്‍ ഇട്ടതിന്റെ പിഴവാണ് കുട്ടിക്ക് അണുബാധ ഉണ്ടാകാന്‍ കാരണമെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശ്ദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതേസമയം കുട്ടിയുടെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ.എംഎം ഷാനി പറയുന്നത്.
പൊട്ടല്‍ ഇല്ലെന്ന് കണ്ടിട്ടും മുന്‍കരുതലായാണ് പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദേശിച്ചതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
ഇത്തരം കേസുകള്‍ ചികിത്സിക്കാന്‍ പത്തനംതിട്ടയിലും കോന്നി മെഡിക്കല്‍ കോളജിലും പരിമിതികള്‍ ഉണ്ടെന്ന് കുട്ടിയെ ചികിത്സിച്ച അസ്ഥിവിഭാഗം ഡോക്ടര്‍ അനിലാബ് അല്കസും പറഞ്ഞു.
Summary: A seven-year-old boy with a hand injury was treated by a doctor through WhatsApp consultation.