ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് തടസ്സപ്പെടുന്നു; പിന്നിലാര് ..?
ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ തകരാറിലായതിനെ തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് തടസ്സം നേരിടുകയാണ്.
പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും ചില ഏഷ്യൻ രാജ്യങ്ങളിലും വലിയ പ്രഭാവമാണ് ഉണ്ടാകുന്നത്. ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് പാകിസ്താൻ നേരിടുന്നത്.
കേബിളുകൾ എങ്ങനെ തകരാറിലായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഇതിന് പിന്നിൽ ഹൂതി വിമതരാണ് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതിന് ഇസ്രായേലിനെ സമ്മർദത്തിലാക്കാൻ ഹൂതികൾ കേബിളുകൾ നശിപ്പിക്കാമെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു. എന്നിരുന്നാലും, ഹൂതി വിമതർ ഈ ആരോപണം നിഷേധിച്ചു.
ആഗോള തലത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ആഴക്കടൽ കേബിളുകൾക്ക് നിർണായക പ്രാധാന്യമുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങി പ്രമുഖ ടെക് കമ്പനികൾ ഇതിനായി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
അതിനാൽ, കേബിളുകളിലെ തകരാറുകൾ നേരിട്ട് ഇന്റർനെറ്റ് വേഗത്തെയും കണക്റ്റിവിറ്റിയെയും ബാധിക്കുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികൾ മുന്നറിയിപ്പ് നൽകിയത് പ്രകാരം, മിഡിൽ ഈസ്റ്റ് മേഖലയിൽ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യതയുണ്ട്.
എന്നാൽ മിഡിൽ ഈസ്റ്റിന് പുറത്തുള്ള രാജ്യങ്ങളിൽ വലിയ പ്രഭാവമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
നെറ്റ്‌ബ്ലോക്സ് എന്ന ഇന്റർനെറ്റ് വാച്ച് ഓർഗനൈസേഷൻ വ്യക്തമാക്കുന്നതനുസരിച്ച്, സൗദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപമുള്ള കേബിളുകളിലാണ് പ്രശ്നം ഉണ്ടായിരിക്കുന്നത്.
സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ചില കേബിളുകൾ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ കമ്പനിയായ ടാറ്റാ കമ്മ്യൂണിക്കേഷൻസാണ്. എന്നാൽ ഇവരും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി
അമേരിക്ക തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കിയതായി ഔദ്യോഗിക അറിയിപ്പ് പുറത്ത് വിട്ടു. ഇതോടെ ഇനി മുതൽ സ്വന്തം രാജ്യത്തെയോ, നിയമപരമായി സ്ഥിരതാമസമുള്ള രാജ്യത്തെയോ വിട്ട് മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസ് വിസയ്ക്ക് അപേക്ഷിക്കാനാകില്ല.
ഇതിനകം വിദേശരാജ്യങ്ങളിൽ നിന്ന് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കും, ജോലി വിസക്കായി ശ്രമിക്കുന്നവർക്കും ഈ തീരുമാനം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സ്റ്റുഡന്റ് വിസ (F-1), സന്ദർശക വിസ (B1/B2), തൊഴിൽ വിസകൾ (H-1B, O-1) എന്നിവയ്ക്കെല്ലാം പുതിയ നിയമം ബാധകമാണ്. കൊവിഡിന് മുൻപ് തന്നെ അനുവദിച്ചിരുന്ന ഇളവാണ് ഇപ്പോൾ യുഎസ് ഒഴിവാക്കുന്നത്.
അഭിമുഖങ്ങൾക്ക് നേരിടുന്ന കാലതാമസം കുറയ്ക്കാൻ വേണ്ടി സിംഗപ്പൂർ, തായ്‌ലൻഡ്, ജർമനി, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കാനായി മുമ്പ് അനുവാദം നൽകിയിരുന്നു.
എന്നാൽ, ഇനി മുതൽ ഒരു രാജ്യത്ത് യുഎസ് വിസ നൽകുന്ന സംവിധാനം ഇല്ലെങ്കിൽ മാത്രമേ അപേക്ഷിക്കാനുള്ള പ്രത്യേക ഇളവ് ലഭിക്കൂ.
ഇതോടെ, ഇന്ത്യയിലെ അപേക്ഷകർക്ക് മുംബൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ കോൺസുലേറ്റുകൾ വഴിയേ മാത്രമേ അപേക്ഷിക്കാനാകൂ.
നിലവിൽ B1/B2 വിസ അഭിമുഖങ്ങൾക്ക് മുംബൈ, ഹൈദരാബാദ് കോൺസുലേറ്റുകളിൽ ഏകദേശം മൂന്നര മാസം കാത്തിരിക്കണം.
ഡൽഹിയിൽ നാലര മാസം, കൊൽക്കത്തയിൽ അഞ്ച് മാസം, ചെന്നൈയിൽ തൊണ്ണൂറ് മാസം (9 മാസം) വരെയും കാലതാമസം അനുഭവപ്പെടുന്നു.









