ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്.
അറുപത് കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മുംബൈ പോലീസിന്റെ നടപടി. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കരാറിലാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ ഈ കമ്പനി പ്രവർത്തന രഹിതമാണ്. സിറ്റി പൊലീസിൻ്റെ എക്കണോമിക്ക് ഒഫൻസ് വിങ്ങാണ് ഇരുവർക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നിരന്തരമായി ശിൽപയും കുന്ദ്രയും അന്താരാഷ്ട്ര യാത്രകൾ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് ജുഹു പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
മുംബൈയിലെ വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് കേസെടുത്തത്. ഇവർക്ക് പുറമേ മറ്റൊരാളെയും കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ലോട്ടസ് കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പരാതിക്കാരനായ ദീപക് കോത്താരി. 2015 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇവർ പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു.
ബെസ്റ്റ്ഡീല്‍ ടിവിയുടെ 87.6 ശതമാനം ഓഹരികളും ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലായിരുന്നു.
തുടര്‍ന്ന് ദമ്പതിമാര്‍ 75 ലക്ഷം രൂപ വായ്പയായി ദീപക്ക് കോത്താരിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രതിമാസം നിശ്ചിത പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താനും പറഞ്ഞു.
ഇതനുസരിച്ച് 2015 ഏപ്രിലില്‍ 31.95 കോടി രൂപയും അതേവര്‍ഷം സെപ്റ്റംബറില്‍ 28.53 കോടി രൂപയും ബെസ്റ്റ്ഡീല്‍ ടിവിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.
എന്നാല്‍ 2016 സെപ്റ്റംബറില്‍ ശില്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ചു. പിന്നാലെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.
ഇതിനിടെ ഇടനിലക്കാരനായ രാജേഷ് ആര്യ വഴി തന്റെ പണം തിരികെ വാങ്ങാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ദമ്പതിമാര്‍ പണം നല്‍കിയില്ലെന്നും കമ്പനിയുടെ പേരില്‍ വാങ്ങിയ പണം ഇരുവരും വ്യക്തിഗത ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്നും ആണ് പരാതിയില്‍ പറയുന്നത്.
പത്തുകോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയായതിനാല്‍ തന്നെ സംഭവത്തില്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
Summary: Mumbai Police issues lookout notice against Bollywood actress Shilpa Shetty and her husband Raj Kundra in connection with a ₹60 crore fraud case.









