യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ
യുകെയിൽ നോർത്താംപ്ടൺഷറിൽ 24 വയസ്സുകാരി ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ ഇപ്പോഴും നീതിക്കായി കുടുംബവും നാട്ടുകാരും കാത്തിരിക്കുകയാണ്.
2023 നവംബർ 14-നാണ് ഇൽഫോർഡിൽ പാർക്കുചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബ (ആ സമയത്ത് 23)യാണ് കൊലപാതകത്തിൽ പ്രധാന പ്രതിയെന്നു പൊലീസ് വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചാണ് കൊല നടന്നതെന്നു സ്ഥിരീകരിച്ചു.
നോർത്താംപ്ടൺഷർ പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഭാര്യയെ വീട്ടിൽ കൊലപ്പെടുത്തിയ ശേഷം പങ്കജ് മൃതദേഹം കാറിൽ കയറ്റി ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടുപോയതാണെന്ന നിഗമനം.
കൊലക്ക് നാല് ദിവസം മുമ്പ് തന്നെ ഹർഷിതയ്ക്ക് ഭീഷണി ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. അതിനെ തുടർന്ന് കോർബിയിലെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും, ഇരയെ രക്ഷിക്കാനായില്ല.
2023 ഓഗസ്റ്റിലാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീട് ആ വർഷം ഏപ്രിലിൽ ഹർഷിത ഭർത്താവിനൊപ്പം ഡൽഹിയിൽ നിന്ന് യുകെയിലേക്ക് താമസം മാറിയിരുന്നു. അന്വേഷണത്തിൽ, ഹർഷിത പലപ്പോഴും ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് തെളിഞ്ഞു.
അയൽവാസികൾ നൽകിയ മൊഴിപ്രകാരം, കൊലക്ക് മുമ്പ് ഇരുവരും പലവട്ടം വഴക്കിട്ടിരുന്നു. കുടുംബം പറയുന്നതനുസരിച്ച്, പീഡനം സഹിക്കാനാകാതെ ഹർഷിത മുൻപ് വീട്ടിൽ നിന്ന് ഓടി പോയിരുന്നു, എന്നാൽ, പിന്നീട് മടങ്ങിയെത്തുകയായിരുന്നു.
കേസിന്റെ ഭാഗമായി സ്ത്രീധനനിയമലംഘന കുറ്റത്തിന് പങ്കജിന്റെ മാതാപിതാക്കളായ ദർശൻ സിങ്, സുനിൽ ദേവി എന്നിവരെ ഇന്ത്യയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, മുഖ്യപ്രതിയായ പങ്കജ് ലാംബ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. രണ്ട് വർഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനാൽ, ഹർഷിത ബ്രെല്ലയുടെ കുടുംബം ഇന്നും നീതി കാത്തിരിക്കുന്നു.