തിരുവനന്തപുരം:നടൻ ജയസൂര്യക്കെതിരെ നിയമസഭയിൽ കൃഷി മന്ത്രി പി പ്രസാദ്. പണം കിട്ടിയ കൃഷ്ണപ്രസാദിന്‍റെ പേരിൽ ജയസൂര്യ പുതിയ തിരക്കഥ മെനഞ്ഞെന്നും എന്നാൽ ഒന്നാം ദിവസം ചില സിനിമകൾ പൊട്ടിപ്പോകുന്നതു പോലെ ഈ തിരക്കഥയും സിനിമയും പൊട്ടിപ്പോയെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കർഷക പ്രശ്‍നം ജയസൂര്യ പറഞ്ഞപ്പോൾ നടന്റെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന സണ്ണി ജോസഫ് എംഎല്‍എയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. റബർ കർഷകരെ വഞ്ചിച്ചു എന്ന സണ്ണി ജോസഫിന്റെ പ്രസ്താവന രാഷ്ട്രീയപരമാണെന്നും മന്ത്രി പി പ്രസാദ് ആരോപിച്ചു.
ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, പരിപാടിയിൽ തന്നെ മന്ത്രി പി രാജീവ് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി. നെല്ല് സംഭരിച്ചതിന്‍റെ തുക വൈകിയതിന് ഉത്തരവാദി സപ്ലൈകോ ആല്ലെന്നും പണം നൽകാതെ ബാങ്കുകൾ സപ്ലൈകോ നടപടിയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി ആരോപിച്ചു. സണ്ണി ജോസഫ് പറഞ്ഞത് രാഷ്ട്രീയമാണ്. റബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സഹായം പോലും ഇല്ലാതെ 1914.15 കോടിയാണ് സംസ്ഥാനം നൽകിയത്. സണ്ണി ജോസഫ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കൃഷി മന്ത്രി വിമര്‍ശിച്ചു. നെല്ല് സംഭരണത്തിൽ പണം കൊടുത്തുതീര്‍ത്ത് വരുകയാണെന്നും കൃഷിമന്ത്രി സഭയിൽ വ്യക്തമാക്കി.
Also Read: പിതാവിന്റെ ക്രൂരത; പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മകനും കുഞ്ഞും മരിച്ചു