രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
ഇതോടെ അടുത്ത 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം സസ്പെൻഷൻ ലഭിച്ചതിനെ തുടർന്ന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്.
തിരഞ്ഞെടുപ്പ് ജനങ്ങൾക്കു മേൽ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. രാഹുലിനെ ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജി വച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. താൻ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
Summary: Youth Congress state president and MLA Rahul Mankootathil has resigned from his organizational post following sexual allegations and has been suspended from the Congress party. However, the party maintains that he does not need to resign from his MLA position.