web analytics

കത്തിക്കയറി സഞ്ജു സാംസൺ, 42 പന്തിൽ കന്നി സെഞ്ച്വറി; കൊച്ചിയ്ക്ക് മിന്നും ജയം

ത്രില്ലടിപ്പിച്ച് സഞ്ജു; കെസിഎല്ലില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ് വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്.

ആവേശം എല്ലാ അതിരുകളും ഭേദിച്ചൊരു പോരാട്ടം. അതിനായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അടിച്ചും തിരിച്ചടിച്ചും കൊല്ലവും കൊച്ചിയും അവസാന പന്ത് വരെ പോരാടിയപ്പോള്‍ ടീമിന് അതിശയ വിജയമൊരുക്കിയത് സഞ്ജുവിന്റെയും മൊഹമ്മദ് ആഷിക്കിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ്. 237 റണ്‍സെന്ന വലിയ ലക്ഷ്യവുമായിറങ്ങിയ കൊച്ചിക്ക് സഞ്ജു നല്കിയത് തകര്‍പ്പന്‍ തുടക്കമാണ്. പവന്‍ രാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് സഞ്ജു തുടങ്ങിയത്. ആ ഓവറില്‍ തന്നെ വീണ്ടുമൊരു ഫോറും സിക്‌സും. മൂന്നാം ഓവറില്‍ ഷറഫുദ്ദീനെതിരെ തുടരെ നാല് ബൌണ്ടറികള്‍. ഫോറും സിക്‌സും തുടര്‍ക്കഥയായപ്പോള്‍ അന്‍പതിലേക്ക് എത്താന്‍ സഞ്ജുവിന് വേണ്ടി വന്നത് 16 പന്തുകള്‍ മാത്രമാണ്. അഞ്ചാം ഓവറില്‍ വിനൂപ് മനോഹരന്‍ മടങ്ങിയപ്പോള്‍ പകരമെത്തിയത് മൊഹമ്മദ് ഷാനുവാണ്. പന്തുകള്‍ അതിര്‍ത്തി കടത്തി സഞ്ജുവിന് മികച്ച പിന്തുണ നല്കിയ ഷാനു 28 പന്തുകളില്‍ 39 റണ്‍സെടുത്തു. ആദ്യ പവര്‍പ്ലേയില്‍ തന്നെ നൂറ് റണ്‍സാണ് കൊച്ചി അടിച്ചുകൂട്ടിയത്. കെസിഎല്‍ സീസണ്‍ -2 വില്‍ ഇതാദ്യമായാണ് ഒരു ടീം ആദ്യ പവര്‍പ്ലേയില്‍ തന്നെ ഇത്രയും വലിയ സ്‌കോര്‍ നേടുന്നത്.

പാതി പിന്നിട്ടതോടെ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞെങ്കിലും വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സഞ്ജു ബാറ്റ് വീശിയത്. ഷാനുവും സാലി സാംസനും നിഖില്‍ തോട്ടത്തും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. എന്നാല്‍ പകരമെത്തിയ മൊഹമ്മദ് ആഷിഖ് അവസാന പന്ത് വരെ കൂറ്റന്‍ ഷോട്ടുകളുമായി ക്രീസില്‍ ഉറച്ച് നിന്നു. ഇതിനിടയില്‍ 42 പന്തുകളില്‍ നിന്ന് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കി. 19ആം ഓവറില്‍ ആദ്യ പന്തില്‍ 121 റണ്‍സെടുത്ത സഞ്ജു മടങ്ങി. അയജ്‌ഘോഷിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. 51 പന്തുകളില്‍ 14 ഫോറും ഏഴ് സിക്‌സുമടക്കമാണ് സഞ്ജു 121 റണ്‍സ് നേടിയത്.

പകരമെത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി. ഒടുവില്‍ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ കൊച്ചിയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സായിരുന്നു. ഷറഫുദ്ദീന്‍ എറിഞ്ഞ ആദ്യ രണ്ട് പന്തുകളില്‍ മൊഹമ്മദ് ആഷിഖ് ഫോറും സിക്‌സും നേടി. എന്നാല്‍ നാലാം പന്തില്‍ ആല്‍ഫി ഫ്രാന്‍സിസ് റണ്ണൌട്ടായി. അഞ്ചാം പന്തില്‍ റണ്‍ നേടാനാകാതെ വന്നതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായിരുന്നു. ഷറഫുദ്ദീന്റെ പന്ത് ലോങ് ഓണിലേക്ക് പറത്തി ആഷിഖ് ടീമിന് അത്ഭുത വിജയം സമ്മാനിക്കുകയായിരുന്നു. 18 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 45 റണ്‍സാണ് ആഷിഖ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൂറ്റന്‍ സ്‌കോര്‍ നല്കിയത്. ആദ്യ രണ്ട് മല്‌സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന ഇരുവര്‍ക്കും നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. അഭിഷേക് ജെ നായര്‍ മൂന്നാം ഓവറില്‍ പുറത്തായതോടെയാണ് ഇരുവരും ഒത്തു ചേര്‍ന്നത്. നേരിട്ട ആദ്യ പന്തുകളില്‍ ലഭിച്ച ഭാഗ്യത്തിന്റെ ആനുകൂല്യം സച്ചിന്‍ മുതലാക്കി. അഖിന്‍ സത്താറിനെ ബൌണ്ടറി പായിച്ച് അക്കൌണ്ട് തുറന്ന സച്ചിന്‍ തുടര്‍ന്നുള്ള ഓവറുകളില്‍ ഫോറിന്റെയും സിക്‌സിന്റെയും പെരുമഴ തീര്‍ത്തു. 22 പന്തുകളില്‍ നിന്ന് സച്ചിന്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പത്താം ഓവറില്‍ നൂറ് കടന്ന കൊല്ലം സെയിലേഴ്‌സ് 14ആം ഓവറില്‍ 150ഉം പിന്നിട്ടു. എന്നാല്‍ പി എസ് ജെറിന്‍ എറിഞ്ഞ ആ ഓവറില്‍ തന്നെ സച്ചിന്‍ മടങ്ങി. ജെറിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സച്ചിനെ വിനൂപ് മനോഹരന്‍ പിടികൂടുകയായിരുന്നു. 44 പന്തുകളില്‍ നിന്ന് ആറ് ഫോറും ആറ് സിക്‌സും അടക്കം സച്ചിന്‍ 91 റണ്‍സ് നേടി. തുടര്‍ന്നങ്ങോട്ട് കൂറ്റന്‍ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. പന്തുകള്‍ അതിര്‍ത്തി കടന്ന് പാഞ്ഞപ്പോള്‍ 17ആം ഓവറില്‍ സെയിലേഴ്‌സ് 200 പിന്നിട്ടു. എന്നാല്‍ കെ എം ആസിഫിനെ ബൌളിങ്ങിലേക്ക് മടക്കി വിളിച്ച തന്ത്രം ഫലം കണ്ടു. 94 റണ്‍സെടുത്ത വിഷ്ണു വിനോദ് ആല്‍ഫി ഫ്രാന്‍സിസ് പിടിച്ചു മടങ്ങി. 41 പന്തില്‍ മൂന്ന് ഫോറും ഒന്‍പത് സിക്‌സുമടക്കം 94 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. ഷറഫുദ്ദീന്‍ എട്ടും എ ജി അമല്‍ 12ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിന്‍ രണ്ടും സാലി സാംസനും കെ എം ആസിഫും മൊഹമ്മദ് ആഷിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് മത്സരത്തില്‍ മൂന്ന് വിജയം കരസ്ഥമാക്കിയതോടെ കൊച്ചി പോയിന്റ് നിലയില്‍ 6 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img