സർക്കാർ ജീവനക്കാർക്ക് ഓണം ബമ്പർ; സർക്കാർ സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ
ഓണം മുന്നോടിയായി സംസ്ഥാന സർക്കാർ സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.
സർവീസ് പെൻഷൻക്കാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.
യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഡി.എ., ഡി.ആർ. വർധനവിന്റെ ആനുകൂല്യം ലഭ്യമാകും.
സെപ്റ്റംബർ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടും പെൻഷനോടും കൂടി പുതുക്കിയ ആനുകൂല്യം ലഭിക്കുമെന്ന് അറിയിച്ചു. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവ് ഉണ്ടാകും.
ഈ വർഷം സർക്കാർ രണ്ടാമത്തെ ഗഡു ഡി.എ., ഡി.ആർ. അനുവദിക്കുന്നതാണ്. കഴിഞ്ഞ വർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു.
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെടുത്തിയ ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ നൽകിയത് രണ്ടാം പിണറായി സർക്കാരാണ്.
2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡി.എ. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പണമായും വിതരണം ചെയ്തിരുന്നു.
ജീവനക്കാരോടും പെൻഷൻകാരോടും പ്രതിജ്ഞാബദ്ധമായ നിലപാട് സർക്കാർ സ്വീകരിക്കുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി.