താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം; അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം
കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് കുട്ടിയുടെ മരണ കാരണം കണ്ടെത്തിയത്.
കോഴിക്കോട് കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ഇന്നലെ വൈകീട്ട് ആണ് മരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം സ്ഥിരീകരിച്ചത്.
അതേസമയം അനയയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോഗ്യ വകുപ്പ് പനി സര്‍വേ നടത്തിയിട്ടുണ്ട്.
കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അനയ. പനി ബാധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്.
Summary: Amoebic brain fever has been confirmed as the cause of death of a 9-year-old fourth-grade student in Thamarassery, Kozhikode. Medical tests revealed the rare infection that claimed the life of Anaya, daughter of Sanoop from Korangat Aanappara Poil.