മാവേലി വരും മുമ്പ് ഭായിമാരിറങ്ങും; നിരീക്ഷണം ശക്തമാക്കാൻ നിർദേശം
കോട്ടയം: ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവ് എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന്, ‘ഭായിമാർ’ ഉൾപ്പെടെയുള്ള അന്യസംസ്ഥാനക്കാരെ എക്സൈസും പൊലീസും കടുത്ത നിരീക്ഷണത്തിലാക്കി. കഞ്ചാവ് കേസിൽ മുമ്പ് പിടിയിലായവരെയും അവരുടെ അടുത്ത സുഹൃത്തുക്കളെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
നാട്ടിലേയ്ക്ക് മടങ്ങുന്ന ചില അന്യസംസ്ഥാന തൊഴിലാളികൾ, തിരിച്ചെത്തുമ്പോൾ കിലോ കണക്കിന് കഞ്ചാവ് കൊണ്ടുവരുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് നിരീക്ഷണം ശക്തമാക്കി. അവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ എത്തുമ്പോൾ ഇരുപത് മടങ്ങ് വിലയ്ക്ക് വിറ്റഴിക്കുന്നു. ജില്ലയിലെ ലഹരിക്കടത്ത് സംഘങ്ങളും ഇതിനായി അന്യസംസ്ഥാനക്കാരെ കൂടുതൽ ഉപയോഗിക്കുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി കിലോകണക്കിന് കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും എല്ലാ ഉദ്യോഗസ്ഥർക്കും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ വശമില്ലാത്തതിനാൽ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോവുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങൾ അറിയാനും ഭാഷാപരിമിതിയുണ്ട്.
അന്യസംസ്ഥാനക്കാരുടെ പങ്ക്:
ഒഡീഷ, ജാർഖണ്ഡ്, അസം, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, യു.പി, ബീഹാർ എന്നിവിടങ്ങളിലാണ് കൂടുതലും പ്രതികൾ. ഇവിടങ്ങളിൽ കഞ്ചാവ് തോട്ടങ്ങൾ വ്യാപകമാണ്; റോഡരികിലും സസ്യം വളരുന്നുണ്ട്. കിലോയ്ക്ക് ₹2,000ക്ക് വാങ്ങുന്ന കഞ്ചാവ്, കേരളത്തിലെത്തുമ്പോൾ ₹40,000 വില ലഭിക്കുന്നു. പാക്കറ്റുകളാക്കി വിറ്റാൽ ഒരു ലക്ഷത്തിലധികം രൂപ വരുമാനമുണ്ടാകും.
പുതിയ കണക്കുകൾ:
അറസ്റ്റിലായ അന്യസംസ്ഥാനക്കാർ: 16
ഭായിമാരിൽ നിന്ന് പിടികൂടിയ കഞ്ചാവ്: 23 കിലോ
പിടികൂടിയ എം.ഡി.എം.എ: 30 ഗ്രാം
പ്രശ്നങ്ങൾ:
എല്ലാ അന്യസംസ്ഥാനക്കാരെയും പരിശോധിക്കുക പ്രായോഗികമല്ല
ലേബർ ക്യാമ്പുകളിൽ പരിശോധനയില്ല
അറസ്റ്റിലായാലും അന്വേഷണം ദീർഘകാലം തുടരുന്നില്ല
ചിലരുടെ വിലാസം പോലും ഉറപ്പില്ല
ഈ സാഹചര്യത്തിൽ, അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്ന ലഹരിക്കടത്ത് പ്രവണത ഓണക്കാലത്ത് കൂടുതൽ ഉയർന്നേക്കാമെന്നതാണ് മുന്നറിയിപ്പ്.
പോളിയിലെ കഞ്ചാവ് വേട്ട; മുഖ്യ പ്രതി പിടിയിൽ
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ പിടിയിൽ. ഒഡിഷ സ്വദേശി അജയ് പ്രദാനാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
ഒഡിഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് പ്രദാനാണ് കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കൈമാറിയത്.
കേസിൽ നേരത്തെ നാലു വിദ്യാർഥികളെയും മൂന്ന് ഇതര സംസ്ഥാനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം മാർച്ചിലാണ് പൊലീസ് നടത്തിയ റെയ്ഡിൽ പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും കണ്ടെത്തിയത്.
ഹോസ്റ്റലിൽ ഹോളി ആഘോഷത്തിൻറെ ഭാഗമായി ലഹരിപ്പാർട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാർഥികളുടെ കൈയിൽ നിന്ന് പണവും പിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലിൽ പരിശോധന നടത്തിയത്.
സംഭവത്തെ അറസ്റ്റിലായ നാല് വിദ്യാർഥികളെയും കോളജ് പുറത്താക്കിയിരുന്നു. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പോളിടെക്നിക്കിൽ നിന്ന് പുറത്താക്കിയത്.
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
English Summary:
Acting on intelligence reports of large-scale ganja shipments from other states ahead of Onam, the Excise and Police have placed ‘Bhai’ gangs and migrant workers under strict watch.