ഏലം വില ഉയർന്നപ്പോൾ താരമായി ഏലം അരിയും
ഒരു മാസമായി ഏലത്തിന് മികച്ച വില ലഭിക്കുമ്പോൾ വില ഉയർന്ന് ഏലക്ക അരിയും. ഏലത്തിന്റെ ഏല്ലാ ഗുണങ്ങളും അരിയ്ക്കും ലഭിക്കും എന്നതും ഏലക്കയുടെ അത്ര വിലയില്ല എന്നതുമാണ് അരിയുടെ വില ഉയരാൻ കാരണമായത്.
ബുധനാഴ്ച സ്‌പൈസ് മോർ ട്രേഡിങ് കമ്പനി നടത്തിയ ഇ- ലേലത്തിൽ ഏലക്കായക്ക് 2440 രൂപ ശരാശരി വില ലഭിച്ചു. ഹൈറേഞ്ചിലെ കമ്പോളങ്ങളിലും 2400 രൂപ ലഭിക്കുന്നുണ്ട്.
ഇതേ സമയം 2200 രൂപയ്ക്ക് ഏലയ്ക്ക അരി വിപണിയിൽ നിന്നും ലഭിക്കും. ഹോട്ടൽ ഉടമകളും ഏലയ്ക്ക എസ്സൻസ് ഉത്പാദിപ്പിക്കുന്നവരുമാണ് നിലവിൽ ഏലയ്ക്ക അരിയുടെ പ്രധാന ഉപഭോക്താക്കൾ. കാറ്ററിങ്ങ് ഗ്രൂപ്പുകളും അപൂർവമായി വാങ്ങുന്നുണ്ട്.
ഏലയ്ക്ക അരിയ്ക്ക് വില വർധിച്ചപ്പോൾ കർഷകരേക്കാൾ അധികം പ്രയോജനം ലഭിച്ചത് ഏലം സംസ്‌കരണ കേന്ദ്രം ( സ്റ്റോർ) ഉടമകൾക്കാണ്. പച്ച ഏലക്ക സംസ്‌കരിക്കുന്നതിനിടെ ലഭിച്ച അരി ശേഖരിച്ച സ്റ്റോർ ഉടമകൾ മികച്ച വിലയ്ക്കാണ് ഇവ വിറ്റഴിക്കുന്നത്.
വൻകിട കച്ചവടക്കാരുടെ കൈയ്യിലും അരി സ്റ്റോക്കുണ്ട്. ഏലം വില ഓണനാളിൽ വരെ വില ഉയർന്നു നിന്നാൽ വിപണിയ്ക്ക് ഗുണം ചെയ്യുമെന്നാണ് കർഷകരുടേയും പ്രാദേശിക വ്യാപാരികളുടേയും വിലയിരുത്തൽ.
തുടർച്ചയായ മഴയത്ത് ഉത്പാദനം കുറഞ്ഞത് കർഷകരെ അലട്ടുന്നുണ്ട്. 2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു.
കട്ടപ്പന ,അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്ന് കിലോയ്ക്ക് 900 രൂപയിലേക്ക് കൂപ്പുകുത്തി.
ഉത്പാദനം കുറഞ്ഞ സമയത്തും ഏലക്ക വിലയിടിയുന്നതിന് പിന്നിൽ ഇവർ…! രോഷത്തോടെ കർഷകർ
ഇടുക്കിയിൽ വേനൽ മഴ ലഭിച്ചെങ്കിലും ഏലക്ക ഉത്പാദനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. എന്നാൽ വേനൽ മഴ എത്തിയതോടെ വിലയിടിവ് തുടരുകയും ചെയ്യുന്നു.
ഉത്പാദനം കുത്തനെ കുറഞ്ഞെ സമയത്തും ഓൺലൈൻ ഇ- ലേലത്തിൽ ഏലക്ക വിലയിടിക്കുന്നത് പതിവാതോടെ നിരാശയിലും പ്രതിഷേധത്തിലുമാണ് കർഷകർ.
മാർച്ച് രണ്ടാം വാരം 3200 രൂപ ലേലത്തിൽ ലഭിച്ചിരുന്ന ഏലക്കായക്ക് ചൊവ്വാഴ്ച നടന്ന ഇ- ലേലത്തിൽ ലഭിച്ച ശരാശരി വില 2584 രൂപയാണ്. കമ്പോളങ്ങളിൽ 2400-2300 രൂപയാണ് ലഭിക്കുന്നത്.
വേനലിൽ ജലസേചനത്തിനും ഗ്രീൻ നെറ്റ് ഉൾപ്പെടെ ഉപയോഗിച്ച് തോട്ടം സംരക്ഷിച്ച കർഷകർക്ക് ചെലവായ പണം പോലും തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയായി.
പുറ്റടിയിലേയും , ബോഡിനായ്ക്കന്നൂരിലേയും ലേല കേന്ദ്രങ്ങളിൽ നിലവാരം കുറഞ്ഞ ഏലക്കായ എത്തിച്ച് വിലയിടിക്കുന്നത് വർഷങ്ങളായി ലേല ഏജൻസികൾ തുടർന്നു വരുന്ന തട്ടിപ്പാണ്.
നിലവാരം കുറഞ്ഞ ഏലക്കായ വൻ തോതിൽ എത്തിക്കുന്നതോടെ ലേലത്തിൽ ലഭിക്കുന്ന വിലയും കുറയും.
വില കുറഞ്ഞത് തത്സമയം യൂട്യൂബിലൂടെ കാണുന്ന പ്രാദേശിക വ്യാപാരികളും വില കുറയ്ക്കും. ഈ സമയത്ത് ഏലക്കാ കുറഞ്ഞ വിലക്ക് വൻ തോതിൽ ശേഖരിക്കാനാകും.
വേനലിൽ വില ഉയരുന്ന സമയത്ത് ഇവ വൻ ലാഭത്തിൽ വിറ്റഴിക്കാം. ഇത്തരേന്ത്യൻ ലോബികളാണ് പലപ്പോഴും വിലയിടിക്കാൻ ശ്രമിക്കുന്നത്.
എന്നാൽ പ്രാദേശിക ലേല ഏജൻസികളും ഇത്തരം തട്ടിപ്പുകൾ നടത്താറുണ്ട്. ഹൈറേഞ്ചിലെ രണ്ടു പ്രധാന കയറ്റുമതി ഏജൻസികൾ സ്ഥിരമായി വിലയിടിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
ഇ- ലേലത്തിൽ പതിയാനെത്തുന്ന ഏലക്കായയുടെ വീഡിയോയും ലിറ്റർ വെയ്റ്റും ( ഒരു ലിറ്റർ അളവ് വരുന്ന പാത്രത്തിൽ കൊള്ളുന്ന കായയുടെ തൂക്കം.)
പുറത്തുവിട്ടാൽ ചൊറിക്കാ എത്തിച്ച് വിലയിടിക്കുന്നത് ഒരു പരിധി വരെ തടയാനാകുമെന്ന് കർഷകരും ചെറുകിട കച്ചവടക്കാരും പറയുന്നു.
ഏലക്കായുടെ ചിത്രം പുറത്തുവിടാൻ സ്പൈസസ് ബോർഡ് തയാറാകണമെന്ന് ആവശ്യം ഉയർന്നിട്ട് വർഷങ്ങളായെങ്കിലും നടപടിയുണ്ടായില്ല.