സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെങ്കിലും, ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചില ഇടങ്ങളിൽ ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെടാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ
ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാനാണ് സാധ്യത.
കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അറബിക്കടൽ – ബംഗാൾ ഉൾക്കടൽ മേഖലകളിലെ കാലാവസ്ഥ
ഇന്ന് (10/08/2025):
മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ: മണിക്കൂറിൽ 45–55 കിലോമീറ്റർ വേഗതയിൽ, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റ്.
മാലിദ്വീപ് പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം: മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും.
നാളെ (11/08/2025):
തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ: മണിക്കൂറിൽ 45–55 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റ്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം: മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും.
കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നിർദേശിച്ചിരിക്കുന്നത്, കടലിൽ പോകുന്നതിന് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിർബന്ധമായും പരിശോധിക്കണമെന്നതാണ്.
ജാഗ്രതാ നിർദേശങ്ങൾ:
കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ കീഴിൽ നിൽക്കരുത്, അതുപോലെ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
മരങ്ങൾ കടുത്ത കാറ്റിൽ അടിയന്തരമായി വീഴാൻ സാധ്യതയുള്ളതിനാൽ സുരക്ഷ അത്യാവശ്യമാണ്.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ തകരാൻ സാധ്യതയുള്ളവയാണ്. കാറ്റില്ലാത്ത സമയത്തുതന്നെ ഇവ ബലപ്പെടുത്തുകയോ അഴിച്ചു മാറ്റുകയോ ചെയ്യണം.
ഓല മേഞ്ഞതോ, ഷീറ്റ് അടുക്കിയതോ, ഉറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പു ലഭിച്ചാൽ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറേണ്ടതാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞ ആളുകളെ അവശ്യഘട്ടങ്ങളിൽ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും ചേർന്ന് നടപടികൾ സ്വീകരിക്കണം.
വീട്ടുവളപ്പിലുള്ള മരങ്ങളിലെ അപകടം സൃഷ്ടിക്കാവുന്ന ചില്ലകൾ വെട്ടിയൊതുക്കുക. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കാണുന്നുവെങ്കിൽ ഉടൻ തദ്ദേശ സ്ഥാപനത്തെ അറിയിക്കുക.
ചുമരിൽ ചാരി വച്ചിരിക്കുന്ന കോണികൾ, കാറ്റിൽ വീഴാനിടയുള്ള മറ്റ് വസ്തുക്കൾ എന്നിവ കയറുകൾ ഉപയോഗിച്ച് ഉറപ്പിച്ചു കെട്ടണം.
കാറ്റ് വീശിത്തുടങ്ങിയാൽ വാതിലുകളും ജനലുകളും അടച്ചിടണം. ഇവയുടെ സമീപത്ത് നിന്ന് അകലം പാലിക്കുക. ടെറസിൽ നിന്ന് മാറി നിൽക്കുക
English SUmmary:
Kerala is likely to receive light rain in isolated areas today, according to the IMD.