റബാത്ത് : വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകബത്തിൽ സർവ്വവും തകർന്ന് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ. മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നുവെന്ന് മൊറോക്കോ സർക്കാർ അറിയിച്ചു. അതേ സമയം റോഡുകളെല്ലാം തകർന്ന് കിടക്കുന്നതിനാൽ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് രക്ഷാപ്രവർത്തകർക്ക് ഇത് വരെ എത്താനായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസിയും റോയിട്ടേഴ്സും റിപ്പോർട്ട് ചെയുന്നു. പല മേഖലകളും വമ്പൻ മലകൾ വീണ് തകർന്നിരിക്കുന്നു. വാർത്താ വിനിമയ മാർഗങ്ങളും തകർന്നതിനാൽ ഇവിടെ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മാതാപിതാക്കളെ നഷ്ട്ടമായ കുട്ടികൾ കരഞ്ഞ് കൊണ്ട് തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ഭൂകബത്തിന്റെ വേദനയായി പ്രചരിപ്പിക്കുന്നു.
വെള്ളി രാത്രി 11ന് ശേഷമാണ് ഹൈ അറ്റ്‌ലസ് പർവതനിരകളിൽ റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രകമ്പനം സ്‌പെയിനിലും പോർച്ചുഗലിലുംവരെ അനുഭവപ്പെട്ടു. അറ്റ്‌ലസ് പർവതനിരയിൽ നിരവധി ചെറുകാർഷിക ഗ്രാമങ്ങൾ ഉൾപ്പെട്ട ഇഖിൽ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നും 70 കിലോമീറ്റർ അകലെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള മാരാകേഷിലെ പഴയ നഗരത്തിലും കേടുപാടുകൾ സംഭവിച്ചു. പഴയ നഗരത്തിന്റെ ഹൃദയമായ ജെമാ അൽ-ഫ്‌ന സ്‌ക്വയറിൽ മസ്ജിദ് മിനാരം വീണു. വിനോദ സഞ്ചാര സീസൺ അവസാനിച്ചെങ്കിലും ഒട്ടേറെ വിദേശികൾ നഗരത്തിൽ ഉണ്ടായിരുന്നു. ഇഖിലിൽനിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുള്ള തലസ്ഥാന നഗരിയായ റബറ്റ്, തീരദേശ പട്ടണമായ ഇംസോവാൻ എന്നിവിടങ്ങളിൽനിന്നുള്ളവർ ഭൂകമ്പം ഭയന്ന് വീടുകളിൽനിന്ന് പലായനം ചെയ്തു.
ഭൂകബത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ പോലും നൽകാനുള്ള സൗകര്യങ്ങൾ മൊറോക്കോയിൽ അവശേഷിക്കുന്നില്ല. വിവിധ ലോകരാജ്യങ്ങൾ സഹായങ്ങൾ എത്തിച്ച് തുടങ്ങി. മരിച്ചവർക്ക് ആദരാജ്ഞലിയർപ്പിച്ച് പാരീസിലെ ഈഫൽ ടവറിൽ കഴിഞ്ഞ ദിവസം ചുവപ്പ് ലൈറ്റുകൾ തെളിയിച്ചു.