സ്ഥലംമാറ്റമില്ല; അഗ്നിരക്ഷാ സേനയിൽ പ്രതിഷേധം പുകയുന്നു
അഗ്നിരക്ഷാസേന വർഷാ വർഷം ഡ്രൈവർ, ഫയർമാൻ തസ്തികയിലുള്ളവർക്കായി നടത്തുന്ന പൊതു സ്ഥലം മാറ്റം ഇത്തവണ മുടങ്ങി. ഇതോടെ വടക്കൻ ജില്ലകളിലും ഇടുക്കിയുടെ വിവിധ മേഖലകളിലും ജോലി ചെയ്യുന്ന അഗ്നിരക്ഷാസേന ജീവനക്കാർ ദുരിതത്തിലായി.
2025 മാർച്ചിൽ സ്പാർക്ക് എന്ന സർക്കാർ ഓൺലൈൻ സംവിധാനം മുഖേന സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും ഏപ്രിൽ മാസത്തിൽ കരട് സ്ഥലംമറ്റ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാളിത് വരെയായും അന്തിമ സ്ഥലംമാറ്റപ്പട്ടിക വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഫെബ്രുവരി മാസത്തിലിറക്കിയ ഡയറക്ടർ ജനറലിന്റെ സർക്കുലറിൽ ഏപ്രിൽ 30-ന് മുൻപായി അന്തിമ സ്ഥലം മാറ്റ പട്ടിക പുറപ്പെടുവിക്കും എന്ന് പറഞ്ഞിരുന്നു. എന്നാൽ വകുപ്പു മേധാവിയുടെ ഉറപ്പ് നടപ്പായില്ല.
സാധാരണയായി അഗ്നിരക്ഷാ സേനയിൽ ഡ്രൈവർ, ഫയർമാൻ എന്നീ തസ്തികകളിൽ പെട്ടവരുടെ സ്ഥലംമാറ്റം മെയ്, ജൂൺ മാസത്തിൽ പുറത്തിറങ്ങുമായിരുന്നു. എന്നാൽ ഇത്തവണ സ്ഥലംമാറ്റം നടക്കാതായതോടെ തെക്കൻ ജില്ലകളിലുള്ളവർ പ്രതിസന്ധിയിലായി.
ഇടുക്കി ഹൈറേഞ്ച് മേഖലയിലും വടക്കൻ ജില്ലകളിലും തിരുവന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുമുള്ള ജീവനക്കാരാണ് കൂടുതലായി ജോലി ചെയ്യുന്നത്.
കൂടാതെ ജോലി ഭാരം കൂടുതലുള്ള എറണാകുളം മേഖലയിലെ എല്ലാ നിലയങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയുമണ്ട്. സ്ഥലംമാറ്റം നടപ്പാക്കിയാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും.
ജീവനക്കാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും അതും ഫലം കണ്ടില്ല. സർക്കാരും അഗ്നിരക്ഷാസേനയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥരും തമ്മിലുള്ള വടംവലികൾ പ്രതിസന്ധികൾക്ക് കാരണാകുന്നതായും സൂചനയുണ്ട്.
എന്നാൽ കൂട്ട സ്ഥലംമാറ്റം നടന്നില്ലെങ്കിലും ലഭിച്ച അപേക്ഷകൾ പരിഗണിച്ച് മുൻഗണന അനുസരിച്ച് സ്ഥലംമാറ്റ ഉത്തരവുകൾ നൽകുന്നുണ്ടെന്ന് അഗ്നിരക്ഷാസേന ഡിജി ഓഫീസ് പ്രതികരിച്ചു.









