പുതുപ്പള്ളിയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ ഇനി അപ്പന് പിന്‍ഗാമിയാകുമോ അതോ ജെയ്ക് സി തോമസ് മൂന്നാം അങ്കത്തില്‍ പുതുപ്പളളി കൈപ്പിടിയിലൊതുക്കുമോ?
ഇനി സംശയങ്ങള്‍ വേണ്ട. അതിവേഗം ബഹുദൂരം എതിര്‍സ്ഥാനാര്‍ത്ഥികളെ മലര്‍ത്തിയടിച്ച് ഭൂരിപക്ഷ ലീഡുയര്‍ത്തി മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.
ന്യൂസ് ഫോര്‍ മീഡിയ നടത്തിയ അഭിപ്രായ സര്‍വ്വേ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പുതുപ്പള്ളിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നത്. ന്യൂസ് ഫോര്‍ സര്‍വ്വേ പ്രകാരം ചാണ്ടി ഉമ്മന് ലഭിക്കുക 28000 മുതല്‍ 39000 വരെയുള്ള വോട്ടുകളുടെ ഭൂരിപക്ഷമായിരിക്കും ലഭിക്കുകയെന്നായിരുന്നു.
40,478 വോട്ടുകള്‍ നേടി മുന്നേറുകയാണ് ചാണ്ടി ഉമ്മന്‍.
ഉമ്മന്‍ ചാണ്ടിയെ അഞ്ചു പതിറ്റാണ്ട് കാലം നിയമസഭയിലേക്ക് അയച്ച പുതുപ്പള്ളി ഇക്കുറി നിന്നത് മകന്‍ ചാണ്ടി ഉമ്മനൊപ്പമായിരുന്നു എന്നതിന്റെ തെളിവാണ് ചാണ്ടി ഉമ്മന്റെ വീട്ടില്‍ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍.
ചാണ്ടി ഉമ്മന് എതിരാളിയായ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ലഭിച്ചതാകട്ടെ, 32000 വോട്ടുകള്‍ മാത്രമാണ് നേടിയത്. സ്വന്തം ബൂത്തില്‍ പോലും മുന്നിലെത്താന്‍ ജെയ്ക്കിനായില്ല.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി ജി ലിജിന്‍ലാലിന് സര്‍വ്വേ പ്രകാരം 4991 വോട്ടുകള്‍ ലഭിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആകെ കിട്ടിയത് 4729 വോട്ടുകള്‍ മാത്രമാണ്.
കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണെങ്കില്‍ പോലും കോട്ടയം പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ഏറെ നിര്‍ണായകമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിന് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്.
12 തവണ പുതുപ്പളളിയുടെ എംഎല്‍എ ആയിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതുവരെ നേടാനായ ഏറ്റവും വലിയ ഭൂരിപക്ഷം 33,225 വോട്ടിന്റേതാണ്. ആ ഭുരിപക്ഷമായിരുന്നു പിതാവിന്റെ പ്രിയ പുത്രന്‍ മറികടന്നത്.
സ്ത്രീവോട്ടുകളില്‍ കൂടുതലും ചാണ്ടി ഉമ്മനുള്ളതാണെന്ന് ന്യൂസ് ഫോര്‍ അഭിപ്രായ സര്‍വ്വേ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മികച്ച സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിനും യുഡിഎഫിന്റെ ചാണ്ടി ഉമ്മന് ഒപ്പമാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും.
വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നീ എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് ഭരണമാണ്. പക്ഷേ ന്യുസ് ഫോര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ എട്ടുപഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷ ലീഡാണ് നേടിയത്.
സഹതാപമല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാകും പുതുപ്പള്ളിയില്‍ വോട്ട് വീഴുക എന്ന സര്‍വ്വേ അനര്‍ത്ഥമാകുന്നതാണ് ചരിത്രം കാത്തുവച്ച വിജയം.
നിലവിലെ വോട്ട് നില
ചാണ്ടി ഉമ്മന്‍ (യുഡിഎഫ്)-71107
ജെയ്ക്ക് സി തോമസ്(എല്‍ഡിഎഫ്)-31084
ലിജിന്‍ലാല്‍ (എന്‍ഡിഎ)-4680
അമ്പേ പരാജയപ്പെട്ട് ഇടത് മുന്നണി. അച്ഛനോടും മകനോടും തോറ്റ് ജയ്ക്ക് സി തോമസ്.