ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികൾക്ക് മദ്യം നൽകി; 3 പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂർ: ടിപി വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി തുടങ്ങിയവർക്ക് മദ്യം വാങ്ങി നൽകിയ പോലീസുകാർക്ക് സസ്പെൻഷൻ. പ്രതികളെ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മദ്യം വാങ്ങി നൽകിയത്. സംഭവത്തിൽ പ്രതികൾക്ക് എസ്കോർട്ട് പോയ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ മൂന്ന് പൊലീസുകാരെ ആണ് സസ്‌പെൻഡ് ചെയ്തത്.
തലശ്ശേരി കോടതിയിലേക്ക് പോകുന്ന വഴിയ്ക്കാണ് ഇവർ പ്രതിക്ക് മദ്യം കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കായി മറ്റൊരാശ കൊണ്ട് വന്ന മദ്യം പൊലീസുകാർ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു.
മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കർശന നടപടിയെടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടിയായാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനും മുമ്പും ടിപി കേസ് പ്രതികൾക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്തു നൽകിയതായി കണ്ടെത്തിയിരുന്നു. കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായ രാഷ്ടീയ കൊലപാതകം; പ്രതികൾ പാർട്ടിക്കാരായി പോയില്ലെ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് ആയിരത്തിലേറെ ദിവസങ്ങൾ…
തിരുവനന്തപുരം: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുന്നതായി റിപ്പോർട്ട്. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള പരോളിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. കെ.സി രാമചന്ദ്രനും ട്രൗസർ മനോജും സജിത്തും ആയിരം ദിവസത്തിലധികം പരോൾ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 6 പേർക്ക് 500ലധികം ദിവസം പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോൾ ലഭിച്ചു.
കെ.സി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു ഇക്കാലയളവിൽ പരോൾ ലഭിച്ചത്. ടി.കെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എം.സി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ പരോൾ. ഇങ്ങനെ കേസിലെ പ്രതികൾക്കെല്ലാം സർക്കാർ പരോൾ വാരിക്കോരി നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡിസംബറിൽ കൊടി സുനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. സുനിയുടെ ‘അമ്മ മനുഷ്യാവകാശ കമ്മീഷനെ ബന്ധപ്പെട്ടതോടെയാണ് പരോൾ ലഭിച്ചത്. എന്നാൽ, ഇത്രയും ദിവസത്തെ പരോൾ പ്രതികൾക്ക് നൽകിയതിന് ടിപി യുടെ ഭാര്യ കെ.കെ രമ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. ജയിലിലും പ്രശ്നക്കാരായിരുന്നിട്ടും ഇവർക്ക് സർക്കാർ ഇഷ്ടാനുസരണം പരോൾ നൽകിയിരിക്കുകയാണ്.
ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജയിലിൽ ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം ലഭിക്കുന്നുണ്ടെന്ന് വ്യാപക പരാതി നേരത്തെതന്നെ ഉയർന്നിരുന്നു. ആരോപണങ്ങളെ തുടർന്ന് ഇവരെ ജയിൽ മാറ്റിയിട്ടും എല്ലാ സൗകര്യങ്ങളും അവിടെയും തുടർന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. സിപിഎം നേതാവ് കുഞ്ഞനന്തൻ പരോളിൽ ചികിൽസയിലിരിക്കേ മരിച്ചിരുന്നു.
2018ലാണ് മുഖ്യപ്രതി കൊടി സുനിക്ക് അവസാനമായി പരോൾ ലഭിച്ചത്. പരോളിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ സുനി പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെത്തവണ സുനി പ്രശ്നങ്ങളുണ്ടാക്കി. പലതവണ ജയിലുകൾ മാറ്റി.പിന്നീട് 2024ഡിസംബറിൽ 60 ദിവസത്തെ പരോൾ കിട്ടി പുറത്തിറങ്ങുകയായിരുന്നു.
പരോളിനിടയിലാണ് കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു കൊച്ചിയിൽ നിന്നും പിടികൂടിയത്. പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകുകയായിരുന്നു. കൊടി സുനിക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം 2020ൽ അനുവദിച്ച സ്പെഷൽ കൊറോണ അവധി 290 ദിവസം ലഭിച്ചു.
In the TP Chandrasekharan murder case, police officers who supplied liquor to accused including Kodi Suni and Shafi during transit have been suspended.