സ്വകാര്യ ബസ് സമരം പിൻവലിച്ചു
‘തിരുവനന്തപുരം: ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. സംയുക്ത സമിതി ഭാരവാഹികൾ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമെടുത്തത്. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധനവിനെ പറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കും.
ചർച്ചയിൽ വിദ്യാർഥികളുടെ യാത്ര നിരക്ക് വർധനവ് സംബന്ധിച്ച് ഈ മാസം 29ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്തും. തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു.
വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന തരത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്നും ഉറപ്പു നൽകി.
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്,കെ. ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; ജനങ്ങൾ പ്രതിസന്ധിയിലാകുമോ?
പാലക്കാട്: സമരത്തിലേക്ക് കടക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നത് തന്നെയാണ് ഇത്തവണയും വിഷയം.
വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ യാത്ര നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നതാണ് ബസുടമകളുടെ ആവശ്യം.
അടുത്ത അധ്യയന വർഷത്തിലെങ്കിലും പുതിയ നിരക്ക് നിലവിൽ വരണമെന്നും, അല്ലാത്തപക്ഷം സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമരത്തിന് മുന്നോടിയായി ഏപ്രിൽ 3 മുതൽ 9 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തും.
സ്വകാര്യ ബസുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യർത്ഥികളാണെന്നും അതുകൊണ്ടുതന്നെ ഒരു രൂപ എന്ന മിനിമം ചാർജ് മൂലം നഷ്ടം അനുഭവിക്കുകയാണെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.
കഴിഞ്ഞ 13 വർഷമായിവിദ്യാർത്ഥികളുടെ മിനിമം ചാർജ് 1 രൂപയാണ്. ഈ നിരക്കിൽ സർവീസ് നടത്താകില്ലെന്നാണ് ബസുടമകൾ പറയുന്നത്
English Summary :
After discussions with the Transport Minister, private bus owners have withdrawn the indefinite strike they had announced.