മുൻ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു
കൊല്ലം: മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കെ.കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1982ൽ ചാത്തന്നൂരിൽ നിന്ന് വിജയിച്ച് കെ. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന – ഫിഷറീസ് മന്ത്രിയായിരുന്നു.
പിന്നീട് മന്ത്രിപദം രാജിവച്ചു കെപിസിസി പ്രസിഡന്റ് ചുമതല വഹിച്ചു. 1987ൽ തോറ്റെങ്കിലും 1991ൽ വീണ്ടും വിജയിച്ചു. വൈദ്യുതി- കയർ മന്ത്രിയും പിന്നീട് വൈദ്യുതി മന്ത്രിയുമായിരുന്നു അദ്ദേഹം.
പത്മരാജന്‍ വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്. കെ.കരുണാകരൻ അപകടത്തിൽപ്പെട്ട് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ അദ്ദേഹം ആക്‌ടിങ് മുഖ്യമന്ത്രിയായിരുന്നു.
1994 ൽ എ.കെ ആന്റണി മന്ത്രിസഭയിൽ ധനം-കയർ- ദേവസ്വം മന്ത്രി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിട്ടുണ്ട്. സംസ്‌ഥാനം കണ്ട ഏറ്റവും മികച്ച സഹകാരികളിൽ ഒരാൾ കൂടിയായിരുന്നു സി.വി.പത്മരാജൻ. കൂടാതെ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ആക്‌ടിങ് പ്രസിഡന്റായിരുന്നു അദ്ദേഹം.
പരവൂർ കുന്നത്തു വേലു വൈദ്യർ- കെ.എം. തങ്കമ്മ ദമ്പതികളുടെ മകനായി 1931 ജൂലൈ 22 നാണ് പത്മരാജന്‍ ജനിച്ചത്. കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്.എൻ.വി സ്കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ചങ്ങനാശേരി സെന്റ് ബെർക്മാൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്. തിരുവനന്തപുരം എം.ജി. കോളജിലെ ആദ്യബാച്ചിൽ ബിഎ പാസ്സായി. തുടർന്ന് കോട്ടപ്പുറം സ്‌കൂളിൽ ത്തന്നെ 3 വർഷം അധ്യാപകനായി.
എറണാകുളം ലോ കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടായിരുന്നു നിയമപഠനം പൂർത്തിയാക്കിയത്.
Summary: Former minister and ex-KPCC president C.V. Padmarajan passed away at the age of 93. He was undergoing treatment at a private hospital in Kollam due to age-related ailments.