സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണം
കൊല്ലം: കെഎസ്ആർടിസി ഡ്രൈവറുമായി അമിതമായി സംസാരിച്ചതിന് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത നടപടി വലിയ വിവാദമായിരുന്നു.
ഡ്രൈവറുടെ ഭാര്യ ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു വിവാദ നടപടി. സംഭവം വൻ വിവാദം ആയതോടെ വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ ഗതാഗത വകുപ്പ് ഇടപെട്ട് പിൻവലിക്കുകയും ചെയ്തിരുന്നു.
ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയ പ്രതികരണം. എന്നാൽ, തന്റെ പരാതിയിൽ ഉറച്ചുനിൽക്കുന്നു എന്നാണ് ഡ്രൈവറുടെ ഭാര്യ പറയുന്നത്.
തന്റെ ഭർത്താവുമായി വനിതാ കണ്ടക്ടർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് താൻ പരാതിയുമായി പോയതെന്ന് ആണ് യുവതി പറയുന്നത്.
തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുവെന്നും പരാതിക്കാരിയായ യുവതി വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരായി നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും അവർ വ്യക്തമാക്കി. കെഎസ്ആർടിസി ഡ്രൈവറായ ഭർത്താവിന് അതേ ബസിലെ വനിതാ കണ്ടക്ടറുമായി അടുപ്പമുണ്ടെന്നായിരുന്നു എന്നാണ് യുവതി നൽകിയ പരാതി.
ഭർത്താവും വനിതാ കണ്ടക്ടറും ജോലി ചെയ്യുന്ന കുളത്തൂപ്പുഴ ഡിപ്പോയിലും അവിടെയുള്ള പൊലീസ് സ്റ്റേഷനിലുമെല്ലാം പരാതി നൽകിയിരുന്നു എന്ന് യുവതി പറയുന്നു. എന്നാൽ ഇതിലൊന്നും നടപടി ആകാതെ വന്നതോടെയാണ് തെളിവുകളുമായി മന്ത്രിയെ സമീപിച്ചത്.
വ്യക്തിപരമായ വിഷയത്തിൽ നടപടി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞാണു പിന്നീട് വിവാസസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ വിഷയത്തിൽ മറ്റു തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നത് ശരിയല്ല. കുടുംബജീവിതം സംരക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള നടപടി ആവശ്യമാണെന്നും അവർ പറഞ്ഞു.
ഡ്രൈവറുമായി അടുപ്പമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത് കെഎസ്ആർടിസിയിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. വിശദമായ ഉത്തരവ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മന്ത്രി ഇടപെട്ട് അടിയന്തരമായി സസ്പെൻഷൻ റദ്ദാക്കിയത്.
‘
ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതാണെന്ന് ജീവനക്കാർക്കിടയിൽ ആക്ഷേപവും ഉയർന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് നടപടിയെടുത്തത്.
ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്നു പറഞ്ഞായിരുന്നു കൊല്ലത്തെ വനിതാ കണ്ടക്ടറെ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന ആരോപണം വിവരിച്ചെഴുതിയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സസ്പെൻഷൻ ഉത്തരവിറക്കിയത്.
ഇതോടൊപ്പം വാട്സാപ് ചാറ്റുകളും ചില ദൃശ്യങ്ങളും തെളിവായിനൽകി. ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സർവീസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും ലഭിച്ചതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്. ‘ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ ഇറക്കി വിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു’ എന്നൊക്കെയാണ് വിവാദ റിപ്പോർട്ടിലുള്ളത്.
അതേസമയം, ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെൻഷൻ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
‘‘ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റു പറ്റിയെങ്കിൽ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കാൻ നിർദേശം കൊടുത്തത്. വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നതാണ്.
ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്തു നിന്നുണ്ടായി. സസ്‌പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധമാണ്. ആരുടെയും വ്യക്തിപരമായ കാര്യത്തിൽ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ഇല്ല. അതിനാലാണ് ഉത്തരവ് റദ്ദാക്കിയത്’’ – ഗണേഷ് കുമാർ പറഞ്ഞു.
English Summary :
The woman stands firm on her allegation that the conductor had an illicit relationship with her husband; she claims that the narrative spreading on social media is false propaganda