39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍
കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ ജീവനക്കാരനിൽ നിന്നും തട്ടിയെടുത്ത പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 39 ലക്ഷം രൂപയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെ നിന്ന് പൊലീസിനു ലഭിച്ചത്. പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്.
ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ മോഷ്ടിച്ചത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ചായിരുന്നു മോഷണം.
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങി
കട്ടപ്പന: മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ സംഭവത്തിൽ പിടികിട്ടാപുള്ളിയായ യുവതിയെ പൊലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് 19 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായത്.
എറണാകുളത്തു നിന്നാണ് ഇവരെ പിടിയിലായത്. ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.
2006 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.
തുടര്‍ന്ന് കട്ടപ്പന കോടതി ബിനീതയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പ്രതി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
ആൾമാറാട്ടം നടത്തി തട്ടിയെടുത്തത് ഒന്നരക്കോടിരൂപ വിലവരുന്ന വീടും വസ്തുവും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി ഒന്നരക്കോടി രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ വൻ തട്ടിപ്പുസംഘമെന്ന് പോലീസ് അറിയിച്ചു.
പിടിയിലായ രണ്ട് സ്ത്രീകൾ ഇതിലെ പ്രാഥമിക കണ്ണികൾമാത്രമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ജവഹർ നഗറിലുണ്ടായ തട്ടിപ്പിൽ പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപ്പറമ്പിൽവീട്ടിൽ മെറിൻ ജേക്കബ് (27) ആണ് അറസ്റ്റിലായത്. ഇവർ പൈപ്പിൻമൂട്ടിലെ സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു.
സ്ഥാപനത്തിൽ വെച്ച് പരിചയപ്പെട്ട കുടുംബസുഹൃത്തായ ഒരാളാണ് ഇവരെ തട്ടിപ്പിലേക്ക് എത്തിച്ചത്. പണം വാഗ്ദാനംനൽകി വസ്തു ഇവരുടെ പേരിൽ രജിസ്‌ട്രേഷൻ നടത്തുകയാണ് ചെയ്തത് എന്നും അന്വേഷണ സംഘം പറയുന്നു.
ജവഹർ നഗറിലുള്ള ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തുമകളെന്ന വ്യാജേനയാണ് മെറിന്റെ പേരിലേക്ക് ധനനിശ്ചയം ചെയ്തത്.
ഇതിനായി മെറിന്റെ ആധാർ കാർഡ് വ്യാജമായി തയ്യാറാക്കിരുന്നു. ആധാർ നമ്പർ ഒഴികെയുള്ള വിവരങ്ങളെല്ലാം വ്യാജമായാണ് നൽകിയത്. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ വലയിലാകുന്നത്.
ഡോറയുടെ രൂപസാദൃശ്യമുള്ള വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടുവീട്ടിൽ വസന്ത(76)യെ കണ്ടെത്തിയതും തട്ടിപ്പിനു പിന്നിലെ സംഘമാണ്. മെറിനും വസന്തയ്ക്കും തമ്മിൽ യാതൊരു വിധ മുൻ പരിചയമുണ്ടായിരുന്നില്ല.
വസന്തയ്ക്ക് ഡോറയുമായുണ്ടായിരുന്ന രൂപസാദൃശ്യം ഉപയോഗപ്പെടുത്തിയാണ് സംഘം ആൾമാറാട്ടം നടത്തിയത്.