ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന വന്യജീവി ബോർഡ്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയത്.
ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്. ഈ അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേയുടെ നിർമാണം നടക്കുക.
ദേശീയ പാത നിർമാണത്തിനിടെ മണ്ണിടിച്ചിൽ; വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ
പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം. അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനു വേണ്ടിയാണ് റോപ് വേ നിർമിക്കുന്നത്.
വർഷം 40,000 മുതൽ 60,000 ടൺവരെ സാധനസാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാൻ കഴിയും. കൂടാതെ അടിയന്തരഘട്ടങ്ങളിൽ കാറും ആംബുലൻസും കൊണ്ടുപോകാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.
ദുരിതപാതയായി നീലിമലപാത
കല്ലിട്ടു മിനുക്കിയ ശബരിമല പരമ്പരാഗത നീലിമലപാത ഇപ്പോൾ ദേവസ്വംബോര്‍ഡിന് തലവേദനയായിരിക്കുകയാണ്. മഴക്കാലത്ത് തീര്‍ഥാടകര്‍ തെന്നിവീഴാന്‍ തുടങ്ങിയതോടെ നീലിമലയാത്രക്ക് വിലക്കേർപ്പെടുത്തി.
പരമ്പരാഗത നീലിമല പാത രണ്ട് വര്‍ഷം മുന്‍പ് ആണ് കല്ലിട്ടു മിനുക്കിയത്. കേന്ദ്രസര്‍ക്കാരിന്‍റെ സ്വദേശി ദര്‍ശന്‍ പദ്ധതിപ്രകാരം12 കോടി ചെലവിട്ടു കല്ലുപാകുകയും കുത്തു കയറ്റങ്ങളെല്ലാം കല്‍പ്പടവുകളാക്കുകയും ചെയ്‌തു.
രണ്ട് കിലോമീറ്ററിലധികം ദൂരമാണ് കല്ലുപാകിയത്. ഒരുഭാഗത്ത് ആംബുലന്‍സിന് പോകാന്‍ പാകത്തിന് പരുക്കന്‍ കോണ്‍ക്രീറ്റിട്ട ഭാഗവും ഒരുക്കിയിട്ടുണ്ട്.
എന്നാൽ നിര്‍മാണ സമയത്ത് പരുക്കന്‍ കല്ലുകളാണ് നിരത്തിയതെങ്കിലും തീര്‍ഥാടകർ ചവിട്ടിക്കയറി മിക്കയിടത്തും കല്ല് മിനുങ്ങി. കൂടാതെ മഴ പെയ്യുന്നതോടെ കല്ലില്‍ പായല്‍ പിടിച്ച് വഴുക്കൽ വരാനും തുടങ്ങി.
ഒപ്പം മരങ്ങളിലെ ഇലകള്‍ വീണ് അഴുകുന്നതും ചെളി ഒഴുകി നിറയുന്നതും വഴുക്കല്‍ ഇരട്ടിയാക്കും. എത്ര ശുചീകരിച്ചാലും വഴുക്കല്‍ മാറാത്ത സ്ഥിതിയാണ്. ഇതുമൂലം കഴിഞ്ഞദിവസങ്ങില്‍ ഒട്ടേറെ തീര്‍ഥാടകര്‍ക്ക് ആണ് വീണ് പരുക്കേറ്റത്. ഇതോടെയാണ് ഇതുവഴിയുള്ള യാത്ര വിലക്കിയത്.
അപകടസാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ചിങ്ങമാസ പൂജയ്ക്കുമുമ്പ് പരിഹരിക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.
അതിനിടെ രണ്ടു ദിവസം മുൻപ് ശബരിമലയില്‍ രണ്ടുപേർ കുഴഞ്ഞു വീണ് മരിച്ചു. തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്.
കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) ആണ് മരിച്ചത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
കുഴഞ്ഞു വീണ ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപകുമാറിന്റെ ജീവനും രക്ഷിക്കാനായില്ല.
മിഥുനമാസ പൂജകൾക്കായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശബരിമല നട തുറന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിജ്വലിപ്പിച്ചു. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി വാസുദേവൻ നമ്പൂതിരി തുറന്നു.
നടതുറന്ന ദിവസം പ്രത്യേക പൂജകളില്ലായിരുന്നു. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് നടയടയ്‌ക്കും.
Summary: The Sabarimala ropeway project has received approval from the State Wildlife Board during an online meeting chaired by Kerala Chief Minister Pinarayi Vijayan.