കണ്ണൂർ: ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനായിരുന്നു സംഭവം.
രക്ത സമ്മർദം കുറഞ്ഞ ഡ്രൈവർ അബോധാവസ്ഥയിലായതോടെ നിയന്ത്രണം നഷ്ടമായ ബസ് പിന്നോട്ട് നീങ്ങി. ഉടൻ തന്നെ ഓടിയെത്തിയ കണ്ടക്ടർ കൈ കൊണ്ട് ബ്രേക്ക് അമർത്തി ബസ് നിർത്തിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.
മാട്ടറ – തലശ്ശേറി റൂട്ടിൽ ഓടുന്ന മുൻഷ ബസിലാണ് സംഭവം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ നിന്നു പഴയ സ്റ്റാൻഡിലേക്കു പോകുന്നതിനിടെയാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബസ് പിന്നോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് അമർത്തി പിടിച്ച് ദുരന്തം ഒഴിവാക്കി.
കണ്ണൂരിൽ മൂന്നിടങ്ങളിൽ പുഴയിൽ വീണ് 3 പേർക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ വിവിധയിടങ്ങളിലായി അപകടം. മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരിക്ക് ജീവൻ നഷ്ടമായി. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്.
വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടം നടന്നത്. തളിപ്പറമ്പ് കൂവേരിയിൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ചൂട്ടാട് അഴിമുഖത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) മരിച്ചത്. നാല് കുട്ടികളാണ് ഇവിടെ ഒഴുക്കിൽപെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ ഫൈറൂസിന്റെ ജീവൻ രക്ഷിക്കാനായില്ല.