കൊച്ചി: രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഉൾപ്പടെ 24 മണിക്കൂറിൽ 4 പേർ മരിച്ചു.
കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് കടക്കുന്നു. നിലവിൽ 1806 പേർക്ക് ആണ് ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
ഒറ്റ ദിവസംകൊണ്ട് 127 പേരുടെ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 58 പുതിയ കൊവിഡ് -19 കേസുകളും 91 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആകെ സജീവമായ കേസുകൾ നിലവിൽ 596 ആണ്, മരണസംഖ്യ ഒന്ന് മാത്രമാണ്. കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ജൂൺ 5 ന് രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഒരു മോക്ക് ഡ്രിൽ നടത്തി.
പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് ഇത്രക്ക് കുതിച്ചുയർന്നത്. കോവിഡ് പരിശോധനയ്ക്കായി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്.
പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്.
ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം തുടരുന്നുണ്ടെങ്കിൽ ആർടിപിസിആർ ചെയ്യണം എന്നാണ് നിർദേശം.
ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കോവിഡ്, ഇൻഫ്‌ലുവൻസ രോഗലക്ഷണമുള്ളവർക്ക് അപായ ലക്ഷണങ്ങൾ ഉണ്ടോ എന്നകാര്യവും ശ്രദ്ധിക്കണം. ശ്വാസതടസ്സം, നെഞ്ചുവേദന, തളർച്ച, രക്തസമ്മർദ വ്യതിയാനം തുടങ്ങിയവയാണ് നിരീക്ഷിക്കേണ്ട പ്രധാന അപായ ലക്ഷണങ്ങൾ.
കുട്ടികളിൽ മയക്കം, ഉയർന്നഅളവിൽ തുടർച്ചയായ പനി, ഭക്ഷണം കഴിക്കാൻ മടി, വിറയൽ, ശ്വാസതടസ്സം എന്നിവയും നിരീക്ഷിക്കണം. ദുരിതാശ്വാസ ക്യാംപുകളിൽ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.