ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അച്ഛൻ സി.പി.ചാക്കോ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.
രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് വിവരം.
അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷൈന്‍ ടോം ചാക്കോയെ ബംഗളൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.
നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.