മുംബയ്: നിയന്ത്രണരേഖ മറികടന്നതിനെത്തുടർന്ന് പാകിസ്ഥാന്റെ പിടിയിലായ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്‌പൂർ സ്വദേശിയായ സുനിത ജാംഗഡെ (43) ആണ് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കാർഗിൽ വഴി പാകിസ്ഥാനിലേക്ക് കടന്നത്.
സ്വന്തം മകനെ കാർഗിലിലെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചിട്ടായിരുന്നു യുവതിയുടെ സാഹസിക യാത്ര. ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാനാണ് ഇവർ പാകിസ്ഥാനിലേയ്ക്ക് പോയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യൻ അധികൃതർ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞശനിയാഴ്‌ചയാണ് പാക് ഉദ്യോഗസ്ഥർ സുനിതയെ ബിഎസ്‌എഫിന് കൈമാറിയത്. പിന്നീട് ബിഎസ്‌എഫ് ഇവരെ അമൃത്സർ പൊലീസിനെ ഏൽപ്പിച്ചു. സുനിതയെ കസ്റ്റഡിയിലെടുക്കാൻ നാഗ്‌പൂരിൽ നിന്നുള്ള പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ദൗത്യത്തിനായി രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെടെ മൂന്നുപേർ പുറപ്പെട്ടതായി ഡെപ്യൂട്ടി കമ്മിഷണർ നികേതൻ കദം മാധ്യമങ്ങളോട് പറഞ്ഞു.
നാഗ്‌പൂർ പൊലീസ് കസ്റ്റഡിയിലെടുത്തതിനുശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്യും. ചാരവൃത്തിയിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി ചോദ്യം ചെയ്യും. അമൃത്സർ പൊലീസ് ഇവർക്കെതിരെ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സുനിതയെ നാട്ടിലെത്തിച്ചാലുടൻ കേസ് അവിടത്തെ സ്റ്റേഷനിലേയ്ക്ക് മാറ്റുമെന്നും കമ്മിഷണർ പറഞ്ഞു. നേരത്തെയും പാകിസ്ഥാനിലേയ്ക്ക് പോകാൻ സുനിത രണ്ടുപ്രാവശ്യം ശ്രമിച്ചിരുന്നു. എന്നാൽ അട്ടാരി അതിർത്തിയിൽ സൈന്യം ഇവരെ മടക്കി അയക്കുകയായിരുന്നു.
ഇതിനുശേഷമാണ് ഇവർ കാർഗിൽ വഴി പാകിസ്ഥാനിലേക്ക് എത്തിയത്. എന്തിനാണ് പാകിസ്ഥാനിൽ എത്തിയതെന്നും എന്താണ് ലക്ഷ്യമെന്നുമടക്കം സുനിതയെ പാക് അധികൃതർ ചോദ്യം ചെയ്തിരുന്നു.
അതിർത്തി കടന്നെത്തിയ യുവതിയെ ഗ്രാമീണർ പിടികൂടി പാക് സൈന്യത്തെ ഏൽപ്പിക്കുകയായിരുന്നുവെന്നും മറ്റൊരു വിവരവുമുണ്ട്. മേയ് 14നാണ് 13 വയസുള്ള മകനെ കാർഗിലിലെ അതിർത്തി ഗ്രാമമായ ഹന്ദർമാനിൽ നിറുത്തിയതിനുശേഷം സുനിത പാകിസ്ഥാനിലേയ്ക്ക് കടന്നത്. പെട്ടെന്ന് മടങ്ങിവരാമെന്നും ഇവിടെതന്നെ നിൽക്കണമെന്നും പറഞ്ഞതിനുശേഷമാണ് സുനിത പോയതെന്ന് മകൻ പോലീസിനോട് പറഞ്ഞു.
സുനിത തിരികെ വരാതിരുന്നതോടെ ഗ്രാമവാസികൾ കുട്ടിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സുനിതയുടെ ഫോൺ വിവരങ്ങളും മറ്റും പരിശോധിച്ചാണ് പാകിസ്ഥാനിലേയ്ക്ക് കടന്നതായി മനസിലാക്കിയത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. വൈകാതെ കുട്ടിയെയും നാഗ്‌പൂരിലേയ്ക്ക് എത്തിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.