കൊച്ചി: പിറന്നുവീണ് മണിക്കൂറുകൾക്കകം വനപാലകർക്ക് കിട്ടിയതാണ് മോളൂട്ടിയെന്ന കുട്ടിയാനയെ. കോടനാട് അഭയാരണ്യം റെസ്ക്യൂ ഹോമിലെ കണ്ണിലുണ്ണിയാണ് മോളൂട്ടി.
കഷ്ടിച്ച് 35 ദിവസം മാത്രം പ്രായം. കാട്ടാനക്കുട്ടിയെ മറ്റു ക്യാമ്പിലേക്ക് മാറ്റണോ ഇവിടെത്തന്നെ പാർപ്പിക്കണോ എന്നു തീരുമാനിക്കാൻ നേരമായി. ഇതിന് മൂന്നംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.
കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയാണ് അഭയാരണ്യത്തിന് സമീപം പെരിയാർ തീരത്തെ കലുങ്കിനിടയിൽ കുടങ്ങിയനിലയിൽ പിടിയാനക്കുട്ടിയെ കണ്ടെത്തിയത്.
പിറന്നുവീണ് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കവേ കാലിടറി കലുങ്കിനിടയിൽ കുടുങ്ങിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കുട്ടിയെ രക്ഷിക്കാനാകാതെ അമ്മയുൾപ്പെട്ട ആനക്കൂട്ടം പിന്നീട് കാടുകയറി.
വനംവകുപ്പിന്റെ റെസ്ക്യൂ ഹോമിൽ ആന കുട്ടിക്ക് അടിയന്തര ചികിത്സ നൽകി. നിലവിൽ അടച്ചിട്ട മുറിയിൽ ഒരു വെറ്ററിനറി ഡോക്ടറും രണ്ട് പരിചാരകരും മാത്രമാണ് ആനക്കുട്ടിയുമായി നേരിട്ട് ഇടപെടുന്നത്. മോളൂട്ടി എന്ന് അവർ വിളിപ്പേരിട്ടു.
ഇനി മോളൂട്ടിയെവനത്തിലേക്ക് തിരിച്ചയയ്‌ക്കാനാവില്ല. അഭയാരണ്യത്തിലെ മറ്റ് 7 ആനകൾക്കൊപ്പം നിലനിറുത്തുകയോ മറ്റു ക്യാമ്പിലേക്ക് മാറ്റുകയോ വേണം.
അതിനുമുമ്പ് വന്യജീവി സംരക്ഷണനിയമത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിചരണവും പുനരധിവാസവും തീരുമാനിക്കാനാണ് വിദഗ്ദ്ധസമിതി യോഗം ചെരുന്നത്.
വനഗവേഷണകേന്ദ്രം മുൻ സയിന്റിസ്റ്റ് ഡോ. പി.എസ്. ഈസ, വെറ്ററിനറി സർവകലാശാലയിലെ പ്രൊഫ. ഡോ. ശ്യാം, വനംവകുപ്പ് അസി. വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എന്നിവരുൾപ്പെട്ടതാണ് സമിതി.
തുടക്കത്തിൽ കരിക്കിൻ വെള്ളവും ലാക്ടോജനുമാണ് കൊടുത്തിരുന്നത് ഒരുമാസം പിന്നിട്ടതോടെ തേങ്ങാപ്പാലും കൂവപ്പൊടി കുറുക്കിയതും കൃത്രിമ പോഷകങ്ങളും നൽകുന്നുണ്ട്.
അധികനേരവും ഉറക്കമാണ്. ഉണരുമ്പോൾ കുറുമ്പുകാട്ടും. സാധാരണ അമ്മയാനയുടെ മുൻകാലിൽ ചാരിനിന്നാണ് കുട്ടിയാന ഉറങ്ങുന്നത്. ഇവിടെ കിടപ്പുമുറിയുടെ ഭിത്തിയിൽ ചാരിനിന്നാണ് ഉറക്കം.
ആനക്കുട്ടികൾ പരിചാരകരിൽ ഏതെങ്കിലും ഒരാളുമായി വല്ലാത്ത അടുപ്പം കൂടും. മുമ്പ് പാലക്കാട് ധോണിയിലും വയനാട്ടിലും ഇതുപോലെ ആനക്കുട്ടികൾ നോട്ടക്കാരുമായി നല്ല അടുപ്പമായിരുന്നു.