കൊച്ചി: പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ഒന്നിലേറെ തവണ.
അതിൽ ഒരുതവണ എത്തിയത് പരമ രഹസ്യമായും. ജ്യോതിയുടെ കേരള യാത്രകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.
ജ്യോതി നാലു തവണ കേരളം സന്ദർശിച്ചിട്ടുണ്ട് എന്നും ഒരു തവണ നടത്തിയ കേരള യാത്ര പരസ്യപ്പെടുത്തിയിട്ടില്ല എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
2023ലാണ് ജ്യോതി മൽഹോത്ര ആദ്യമായി കേരളത്തിലെത്തിയത്. ഈ യാത്രയിൽ കേരളത്തെ പറ്റി വീഡിയോ ചിത്രീകരിച്ച് ജ്യോതി മൽഹോത്ര തന്റെ യുട്യൂബിൽ പബ്ലിഷ് ചെയ്യുകയും ചെയ്തു.
2023 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് എത്തി മടങ്ങിയ ജ്യോതി മൽഹോത്ര, പിറ്റേമാസം വീണ്ടുമെത്തി. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാനായിരുന്നു അത്.
യാത്രയ്ക്കിടയിൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.
നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്നു കാസർകോട്ട് എത്തിയ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തു വന്ന ശേഷം നേത്രാവതിയിൽ തന്നെ മടങ്ങി.
കഴിഞ്ഞ ജനുവരിയിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് ഡൽഹിയിൽനിന്നു ബെംഗളൂരു വഴി കണ്ണൂർ വിമാനത്താവളത്തിലെത്തിയിരുന്നു.
ജനുവരി 25 ന് തിരുവനന്തപുരത്തുനിന്നു രാജധാനി എക്സ്പ്രസിലാണ് ഇവർ ഡൽഹിയിലേക്കു മടങ്ങിയത്. ഇതിനിടെ, ജ്യോതി കേരളം സന്ദർശിച്ചതായുള്ള വിവരം സ്ഥിരീകരിക്കാൻ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.
2023 ഡിസംബറിലും ജ്യോതി മൽഹോത്ര കൊച്ചിയടക്കം സന്ദർശിച്ചതായുള്ള വിവരം ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്.
എന്നാൽ, ഈ യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരവും ജ്യോതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടില്ല.