ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതോടെ എപ്പോൾ വേണമെങ്കിലും പാക്കിസ്ഥാന് ബലുചിസ്ഥാൻ കൈവിട്ടു പോകുമെന്ന അവസ്ഥയാണ്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന് ഈ മേഖലയിലെ നിയന്ത്രണം പൂർണമായും നഷ്ടമായി. ബലൂചിസ്ഥാനിൽ അവശേഷിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ പ്രണഭയത്തോടെയാണ് കഴിയുന്നതെന്നാണ് പുതിയ റിപ്പോർട്ട്.
ബലൂചിസ്ഥാൻ ഇപ്പോൾ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും പാക്കിസ്ഥാൻ സൈന്യത്തിന് രാത്രിയായാൽ ക്വറ്റ വിട്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് റിപ്പോർട്ട്. സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനിൽ പാക് സൈന്യം വൈകിട്ട് 5 മുതൽ പുലർച്ചെ 5 വരെ പട്രോളിങ് ഒഴിവാക്കിയിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബലുചിസ്ഥാൻ കുറച്ചു നാളുകളായി വാർത്തകളിൽ നിറയുന്നുണ്ട്. എന്നാൽ എന്താണ് ശരിക്കും പാക്കിസ്ഥാനും ബലുചിസ്ഥാനും തമ്മിലുള്ള പ്രശ്നം എന്ന് അറിയാമോ?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ കുറേ വർഷങ്ങൾ പുറകോട്ട് പോകണം. ശരിക്കും പറഞ്ഞാൽ പാക്കിസ്ഥാൻ ഉണ്ടാകുന്നതിനും വളരെ ഏറെ വർഷങ്ങൾ മുമ്പ്.
വളരെ സമ്പന്നമായ പ്രദേശം ഒരുകാലത്ത് സ്വതന്ത്രരാജ്യമായിരുന്നു ബലൂചിസ്ഥാൻ. പിന്നീട് ബ്രിട്ടീഷ് കോളനിയുടെ ഭാഗമായി. 1947 ആഗസ്റ്റ് 11ന് പാക്കിസ്ഥാൻ സ്വതന്ത്രരാജ്യമാകുന്നതിന് മൂന്ന് ദിവസം മുമ്പ് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടി. എന്നാൽ പാക് ഭരണകൂടം ബലൂചിസ്ഥാനെ അവരുടെ അധീനതയിലാക്കുകയായിരുന്നു.
പ്രകൃതിവാതക ശേഖരത്താൽ സമ്പന്നമാണ് ഈ പ്രവിശ്യ. സിപിഇസി വഴി പ്രത്യേക സാമ്പത്തിക മേഖല രൂപപ്പെടുത്തുകയും നിരവധി ഊർജപദ്ധതികൾ ആരംഭിക്കുകയും ആധുനിക ഗതാഗതസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ചൈന ഇപ്പോൾ ഇവിടത്തെ പ്രകൃതിസമ്പത്തിനെ കൊള്ളയടിക്കുകയാണ്.
ബലൂചിസ്ഥാനിലെ മെഹർഗഡിൽ നടത്തിയ ഖനനങ്ങളിൽ 9000 വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്, സിന്ധുനദീതട സംസ്കാരം മുതൽ വ്യാപാര ബന്ധങ്ങളുണ്ട് ബലുചിസ്ഥാന്. മാത്രമല്ല മെസൊപൊട്ടോമിയൻ ഈജിപ്ഷ്യൻ സംസ്കാരവുമായി അടുത്ത ബന്ധമുണ്ട് ബലുചിസ്ഥാന്.
ബിസി 325-ൽ മഹാനായ അലക്സാണ്ടറുടെ ഭരണം, തുടർന്ന് സെല്യൂക്കസ് I നിക്കേറ്റർ, ഗ്രീക്കോ-ബാക്ട്രിയൻമാർ, മാസിഡോണിയക്കാർ എന്നിവരുൾപ്പെടെ വിവിധ സാമ്രാജ്യങ്ങൾ ഈ പ്രദേശം ആക്രമിക്കുകയും ഭരിക്കുകയും ചെയ്തു.
മുഹമ്മദ് ബിൻ ഖാസിം കീഴടക്കിയതിനുശേഷം എ.ഡി. 712-ൽ ബലൂചിസ്ഥാനിൽ മുസ്ലീം ഭരണം ആരംഭിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ ഗസ്‌നവിദ് രാജവംശവും തുടർന്ന് ഘോറിഡുകളും, ഖ്വാരിസത്തിലെ (ഖിവ) സുൽത്താൻ മുഹമ്മദ് ഖാന്റെയും തുടർന്ന് 1223-ൽ മംഗോളിയരുടെയും ഭരണം നടന്നു. 1595-ൽ ബലൂചിസ്ഥാൻ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി, പക്ഷേ പിന്നീട് പേർഷ്യയിലെ നാദിർ ഷാ പിടിച്ചെടുത്തു. 1747-ൽ അഫ്ഗാൻ ഭരണം ഉണ്ടായിരുന്നു, എന്നാൽ പിന്നീട് 1758-ൽ നാസിർ ഖാൻ ഒന്നാമൻ അഫ്ഗാനികൾക്കെതിരെ കലാപം നടത്തിയപ്പോൾ കലാത്ത് ഖാനേറ്റ് ഉയർന്നുവന്നു.
1839-ൽ ബ്രിട്ടീഷുകാർ ബലൂചിസ്ഥാനിൽ നിയന്ത്രണം ഏറ്റെടുത്തു, മുസ്ലീം ഭരണം അവസാനിപ്പിച്ചു. 1839 നും 1879 നും ഇടയിൽ നടന്ന രണ്ട് അഫ്ഗാൻ യുദ്ധങ്ങൾ ബ്രിട്ടീഷുകാർക്ക് ഈ മേഖലയിൽ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ സഹായിച്ചു.
പിന്നീട് ബലൂചിസ്ഥാനിലെ ചീഫ് കമ്മീഷണറായി മാറിയ സർ റോബർട്ട് സാൻഡെമാൻ, ഈ മേഖലയിലെ ബ്രിട്ടീഷ് തന്ത്രത്തിന്റെ ശിൽപ്പിയായിരുന്നു. 1854 മുതൽ 1901 വരെ അദ്ദേഹം കലാത്ത് ഖാനുമായി നിരവധി കരാറുകൾ ഒപ്പുവച്ചു. ഈ കരാറുകളിലൂടെ ബ്രിട്ടീഷ് ഗവൺമെന്റ് ചാഗി, ബോളൻ പാസ്, ക്വെറ്റ, മറ്റ് പ്രദേശങ്ങൾ എന്നിവയുടെ പാട്ടത്തിനെടുത്ത പ്രദേശത്തിന്റെ നിയന്ത്രണം നേടി.
1947-ൽ പാകിസ്ഥാൻ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി, മെക്രാൻ, ഖരൻ, ലാസ്ബെല എന്നീ നാട്ടുരാജ്യങ്ങളും പിന്നീട് കാലാട്ടും പാകിസ്ഥാനിൽ ചേർന്നു. മറ്റ് പ്രവിശ്യകളെപ്പോലെ, 1955-ൽ ബലൂചിസ്ഥാനും പശ്ചിമ പാകിസ്ഥാന്റെ ഒരു യൂണിറ്റായി സംയോജിപ്പിക്കപ്പെട്ടു. 1970-ൽ ഏക യൂണിറ്റ് പിരിച്ചുവിട്ടതിനുശേഷം, ബലൂചിസ്ഥാൻ പാകിസ്ഥാനിലെ പ്രവിശ്യകളിൽ ഒന്നായി നാമകരണം ചെയ്യപ്പെട്ടു.
ബലൂചിസ്ഥാനിലെ ബ്രഹൂയി എന്നത് ചരിത്രം രേഖപ്പെടുത്തുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗൾ ഭരണകാലത്തും ചില രേഖപ്പെടുത്തലുകൾ ഇതേപ്പറ്റിയുണ്ട്.
പാകിസ്ഥാനിലെ കലാതിൽ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലാണ് ബ്രഹൂയി ഭാഷ സംസാരിക്കുന്നവരുള്ളത്.
ഇവര്‍ ബ്രൂഹിയകൾ അഥവാ ബ്രോഹികൾ എന്ന് അറിയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിൽ ബ്രഹൂയി സാമ്രാജ്യം ബലൂചിസ്ഥാന്‍ മേഖലയിൽ നിലനിന്നതായും ഇന്നത്തെ കറാച്ചി അടക്കമുള്ള പ്രദേശങ്ങൾ ഈ സാമ്രാജ്യത്തിന് കീഴിലായിരുന്നതായും കരുതപ്പെടുന്നുണ്ട്.
ഇന്തോ – ആര്യൻ ഭാഷകൾക്കിടയിൽ എങ്ങനെയാണ് ഒരു ദ്രവീഡിയൻ ഭാഷ വന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. ചില ചരിത്രപണ്ഡിതർ അഭിപ്രായപ്പെടുന്നത് ദ്രവീഡിയൻ സംസ്കാരമാണെന്ന് കരുതപ്പെടുന്ന സിന്ധുനദീതട സംസ്കാരവുമായി ബന്ധമുള്ളവരായിരിക്കാം ഇവർ എന്നതാണ്.
അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അവർ ബലൂച് ഭാഗത്തേക്ക് മാറിയവരായിക്കാം എന്നതാണ്. ബ്രഹൂയികൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ ഭാഗത്തേക്ക് മാറിയവരാകാം എന്ന് കരുതുന്നവരുമുണ്ട്.
ചില ബ്രഹൂയി – മലയാള പദങ്ങൾ വായിക്കാം:
ഇന്ന് എന്ന് മലയാളം വാക്കിന് സമാനമായി ഇയിനോ എന്നാണ് ബ്രഹൂയിയിൽ ഉപയോഗിക്കുന്നത്.
നീ എന്ന വാക്ക് മലയാളത്തിലെന്നപോലെ അതേ അർത്ഥത്തിൽ തന്നെ ബ്രഹൂയിയിലും ഉപയോഗിക്കുന്നുണ്ട്
ബാ എന്ന ബ്രഹൂയിൽ പറയുന്നത് നമ്മളുടെ വാ എന്നതിന് തുല്യമാണ്.
ഖൽ എന്ന് കല്ലിനും ഉരു എന്ന് ഊരിനും കാൽ എന്ന് കാലിനും കൺ എന്ന് കണ്ണിനും അരിസി എന്ന് അരിക്കും പറയുന്നു.
മലയാളം തമിഴ്, കന്നഡ തെലുങ്ക് തുടങ്ങിയ ദ്രവീഡിയൻ ഭാഷകളുമായുള്ള സാമ്യം ഇത് വ്യക്തമാക്കുന്നുണ്ട്.
നിലവിൽ 15 ശതമാനത്തോളം വാക്കുകൾ ദ്രവീഡിയൻ പദങ്ങൾ തന്നെയാണ് ബ്രഹൂയിൽ ഉപയോഗിക്കപ്പെടുന്നത്.
മുഹമ്മദ് അലി ജിന്നയുടെ വഞ്ചന….
ഇറാൻ-പാകിസ്ഥാൻ അതിർത്തിയുടെ ഇരുവശത്തും തെക്കൻ അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിലും താമസിക്കുന്ന സുന്നി മുസ്ലീം വിഭാഗമാണ് ബലൂച്.
ഏകദേശം ഫ്രാൻസിന്റെ വലുപ്പമാണ് ബലൂചിസ്ഥാനുള്ളത്. ഗോത്രങ്ങളായി താമസിക്കുന്ന 90 ലക്ഷത്തോളം ആളുകൾ ഇവിടെയുണ്ട്.
കലാപത്തിന്റെ മൂലകാരണം പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ വഞ്ചന തന്നെയാണ്. അവരുമായി ലയിക്കാൻ ആഗ്രഹിക്കാത്ത നാട്ടുരാജ്യങ്ങളിലൊന്നിന്റെ സ്വയഭരണാവകാശം ജിന്ന ആദ്യംതന്നെ അംഗീകരിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് റഷ്യ പോലെയുള്ള ശക്തികളിൽ നിന്ന് തങ്ങളുടെ കൊളോണിയൽ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അവർ ഈ പ്രദേശത്തെ താവളമായി ഉപയോഗിച്ചതായും രേഖകൾ പറയുന്നു.
എന്നാൽ, ബലൂചികൾ ഇതിനെ ശക്തമായി പ്രതിരോധിച്ചു. തുടർന്ന് ബ്രിട്ടീഷുകാർ അനുഭാവപൂർണമായ നയമാണ് ഇവരോട് സ്വീകരിച്ചത്.
പക്ഷെ ഇന്ത്യാ വിഭജനത്തിന് ശേഷം ബലൂച് നേതാക്കളെ പാകിസ്ഥാൻ തങ്ങളുമായി ലയിപ്പിക്കാൻ പ്രേരിപ്പിച്ചതോടെ സ്ഥിതി മാറി. ഇത് തദ്ദേശിയർക്ക് ഇഷ്ടമായില്ല. തുടർന്ന് സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ അവർ കൂടുതൽ ആക്രമണങ്ങൾക്ക് തുടക്കമിടുകയായിരുന്നു.
വിഭജനത്തിന് ശേഷം പുതിയ രാജ്യമായ പാകിസ്ഥാനുമായുള്ള സൗഹൃദ ഉടമ്പടിയുടെ ഭാഗമായി 1948 മാർച്ച് വരെ ഇത് സ്വതന്ത്രമായി തുടർന്നു പോന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ബലൂചിസ്ഥാനെ ഒരു സ്വതന്ത്യരാജ്യമായാണ് പ്രഖ്യാപിച്ചത്.
ഖരൻ, മകരൻ, ലാസ് ബേല, കലാത് എന്നീ നാല് നാട്ടുരാജ്യങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നുണ്ട്. വിഭജനത്തിന് മുമ്പ് സാധ്യതകളാണ് ഇവർക്ക് നൽകിയത്. ഒന്നുകിൽ ഇന്ത്യയുടെ ഭാഗമാകുക, അല്ലെങ്കിൽ പാകിസ്ഥാന്റെ ഭാഗമാകുക അതുമല്ലെങ്കിൽ സ്വതന്ത്രമായി തുടരുക. കലാത്തിലെ ഖാനായിരുന്ന മിർ അഹമ്മദ് യാർ ഖാൻ അവസാനത്തേത് തിരഞ്ഞെടുത്തപ്പോൾ ശേഷിക്കുന്ന മൂന്നെണ്ണം പാകിസ്ഥാനൊപ്പം ചേർന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പ്രാന്തപ്രദേശത്തായിരുന്നതിനാൽ കശ്മീരിനോ ഹൈദരാബാദിനോ ഉണ്ടായിരുന്ന പ്രാധാന്യം കലാത്തിന് ഒരിക്കലും ലഭിച്ചിരുന്നില്ല.
ജിന്നയും തുടക്കത്തിൽ കലാത്തിന്റെ സ്വതന്ത്രമായി നിൽക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചിരുന്നു. ഖാൻ ജിന്നയെ വിശ്വസിക്കുകയും ചെയ്തു. 1947 ഓഗസ്റ്റ് 15ന് കലാത്ത് സ്വതന്ത്ര്യം പ്രഖ്യാപിച്ചു.
പക്ഷേ വിപുലീകരണ ഭരണകൂടങ്ങളുടെ ഭീഷണി കാരണം കലാത്തിനെ സ്വതന്ത്രമായി തുടരാൻ അനുവദിക്കുന്നത് വളരെയേറെ അപകടകരമാണെന്ന് ബ്രിട്ടീഷുകാർ ഭയപ്പെട്ടു.
കലാത്തിനെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ അവർ പാകിസ്ഥാനിൽ വലിയ സമ്മർദ്ദം ചെലുത്തി, അതോടെ ജിന്ന കലാത്തിന് സ്വതന്ത്രമായി നിൽക്കാൻ നൽകിയ അനുമതിയിൽ നിന്ന് പിന്നോക്കം പോയി.
1947 ഒക്ടോബറിൽ പാകിസ്ഥാനുമായുള്ള ലയനം വേഗത്തിലാക്കാൻ ജിന്ന നിർദേശിച്ചെങ്കിലും ഖാൻ അത് നിരസിച്ചു. 1948 മാർച്ച് 18ന് ഖരൻ, മകരൻ, ലാസ് ബേല എന്നിവയെ പാകിസ്ഥാനുമായി കൂട്ടിച്ചേർത്തതായി ജിന്ന പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഖാൻ ഇന്ത്യക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നതായുള്ള വാർത്തകൾ പരന്നു.
അത് പാകിസ്ഥാനെ വലിയ രീതിയിൽ പ്രകോപിപ്പിച്ചു. തുടർന്ന് ബലൂച് നേതാവിന് പാകിസ്ഥാനിൽ ചേരുകയല്ലാതെ മറ്റു മാർഗമില്ലാതാക്കി.
1954ൽ പാകിസ്ഥാൻ തങ്ങളുടെ പ്രവിശ്യകൾ പുനഃസംഘടിപ്പിക്കാൻ വൺ യൂണിറ്റ് പദ്ധതി ആരംഭിച്ചപ്പോൾ രണ്ടാമത്തെ കലാപം പൊട്ടിപ്പുറപ്പെട്ടു.
1955ൽ ബലൂചിസ്ഥാൻ സ്റ്റേറ്റ് യൂണിയൻ പടിഞ്ഞാറൻ പാകിസ്ഥാൻ പ്രവിശ്യകളുമായി ലയിച്ചതോടെ അവഗണന കൂടുതൽ രൂക്ഷമായി. 1958ൽ കലാത്തിന്റെ ഖാനായ നവാബ് നൗറോസ് ഖാൻ സ്വതന്ത്ര്യം പ്രഖ്യാപിച്ചു. എങ്കിലും 1959ൽ ഖാൻ പാക്സർക്കാരിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു.
1970കളിൽ, പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതോടെ ബലൂചിസ്ഥാനും സ്വയംഭരണത്തിനായുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വീണ്ടും മുന്നോട്ട് വന്നു. എന്നാൽ സുൽഫിക്കർ അലി ഭൂട്ടോ ഇതിനോട് വിസമ്മതിച്ചു,
ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും 1973-ൽ ബലൂചിസ്ഥാനിലെ അക്ബർ ഖാൻ ബുഗ്തി പ്രവിശ്യാ സർക്കാരിനെ പിരിച്ചുവിടാൻ അന്നത്തെ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കുകയും ചെയ്തു.
2000-കളുടെ മധ്യത്തിൽ ബലൂചിസ്ഥാനിലെ ഒരു വനിതാ ഡോക്ടറെ സൈനിക ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തതിനെത്തുടർന്ന് വീണ്ടും സംഘർഷം തുടങ്ങി.
പതിറ്റാണ്ടുകളായി ബലൂചിസ്ഥാൻ ജനത സ്വയംഭരണത്തിനോ സ്വാതന്ത്ര്യത്തിനോ വേണ്ടി പോരാടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതിർത്തിയുടെ അപ്പുറവും ഇപ്പുറവും അവർ ആക്രമാസക്തമായ അടിച്ചമർത്തലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പാകിസ്ഥാനിൽ ഇത്തരം ശ്രമങ്ങൾ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമായി കണക്കാക്കുന്നു.
മറുവശത്ത് ഇറാനിൽ ഷിയ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ബലോച് സുന്നി മുസ്ലിം ന്യൂനപക്ഷമായതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമാണ്.
ഇവർക്ക് പാക് ഭരണസംവിധാനങ്ങളിൽ വേണ്ടെത്ര പ്രാധാന്യമില്ല. 300 സീറ്റുള്ള അപ്പർ ഹൗസിൽ പതിനാറും.104 സീറ്റുള്ള ലോവർ കൗൺസിലിൽ 23 സീറ്റുകളും മാത്രമെ ഉള്ളു.
ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് പാകിസ്ഥാനിൽ 2011 മുതൽ 10,000ൽപരം ബലോചുകളാണ് അപ്രത്യക്ഷരായിട്ടുള്ളത്.
സ്വർണം, വജ്രം, വെള്ളി, ചെമ്പ് തുടങ്ങിയ പ്രകൃതി വിഭവങ്ങളാൽ വലിയ സമ്പന്നമാണ് ഈ പ്രവിശ്യ. തദ്ദേശീയ ജനതയുടെ ഉടമസ്ഥതയിലുള്ള ഈ വിഭവങ്ങൾ സർക്കാർ ചൂഷണം ചെയ്യുകയാണെന്ന് ബലൂച് ജനത പറയുന്നു.
ഒരർഥത്തിൽ എന്നും പാക്കിസ്‌ഥാന്റെ കറവപ്പശുവായിരുന്നു ബലൂചിസ്‌ഥാൻ എന്നു പറയാം. ബലൂചിസ്‌ഥാന്റെ പ്രകൃതിസമ്പത്താണു പാക്ക് സമ്പദ് വ്യവസ്‌ഥയെ നിലനിർത്തുന്നതെന്നു പറഞ്ഞാലും ഒരു തെറ്റുമില്ല.
ബലൂചിസ്‌ഥാനിൽനിന്നു കടത്തിക്കൊണ്ടുപോകുന്ന പ്രകൃതിവാതകത്തിന് ഒരിക്കലും ന്യായമായ റോയൽറ്റി നൽകാൻ പാക്ക് സർക്കാർ ഇതുവരെ തയാറായിട്ടില്ല.
ബലൂചികൾ ഇന്നും പാക്കിസ്‌ഥാനിലെ ഏറ്റവും ദരിദ്രരും അവഗണിക്കപ്പെട്ടവരുമായി കഴിയുന്നതിന്റെ മൂലകാരണം അവിടെയാണ്.
ബലൂചിസ്‌ഥാനിലെ ഗ്വദറിൽ പാക്കിസ്ഥാൻ തുറമുഖം നിർമിച്ചപ്പോൾ അതുകൊണ്ടുകൊണ്ടുള്ള നേട്ടം ബലൂചികൾക്കു കിട്ടിയില്ലെന്നത് അവരുടെ അമർഷത്തിനു കാരണമായിരുന്നു
2000ന്റെ തുടക്കത്തിലാണ് ബിഎൽഎ രൂപീകൃതമായത്. ഏറ്റവും വലിയ ബലൂചിസ്ഥാൻ സംഘടനയാണത്. കൂടാതെ ബലൂചിസ്ഥാന് സ്വാതന്ത്ര്യം നൽകാനും ചൈനയെ പാകിസ്ഥാനിൽ നിന്ന് പുറത്താക്കാനും വേണ്ടി പതിറ്റാണ്ടുകളായി പാകിസ്ഥാൻ സർക്കാരിനെതിരേ കലാപം നടത്തി വരികയായിരുന്നു അവർ.
ബലൂചിസ്ഥാൻ കഴിഞ്ഞാൽ പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് പഞ്ചാബ്. എന്നാൽ പാക്കിസ്ഥാനിലെ പഞ്ചാബികളോട് കടുത്ത എതിർപ്പാണ് ബലൂചിസ്ഥാനികൾക്ക്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈബർ ലോകത്ത് പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സന്ദേശം. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ വൈറലാകുന്നത്.
ആക്ടിവിസ്റ്റ് മിർ യാർ ബലൂച് ഉൾപ്പെടെയുള്ള ബലൂച് നേതാക്കൾ ബലൂചിസ്ഥാൻ സ്വതന്ത്രമായെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെ, ബലൂചിസ്ഥാനിലെ പല സ്ഥലങ്ങളിലും പാക് പതാക നീക്കം ചെയ്ത് ബലൂചിസ്ഥാൻ വിമോചന പോരാളികൾ തങ്ങളുടെ പതാക സ്ഥാപിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നു.
കൂടാതെ ബലൂച് രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്നാണ് ആക്ടിവിസ്റ്റ് മിർ യാർ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
പാകിസ്ഥാൻ സൈന്യത്തോട് മേഖലയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോടും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് ഇരട്ട പ്രഹരമായി മാറുകയാണ് ബലൂച് പ്രക്ഷോഭം. പ്രശസ്ത എഴുത്തുകാരനും ബലൂച് അവകാശങ്ങൾക്കായി വാദിക്കുന്നയാളുമായ മിർ യാർ ബലൂച് എക്‌സിലാണ് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ പാക്കിസ്ഥാനികൾ നടത്തുന്ന പ്രചാരണം ബലൂചിസ്ഥാൻ വിമോചന പോരാളികൾക്ക് വേണ്ട സഹായം നൽകുന്നത് ഇന്ത്യയാണെന്നാണ്. എന്നാൽ അതൊരു കുപ്രചരണം മാത്രമാണെന്നാണ് ഇന്ത്യ പറയുന്നത്.