യുകെയിലേക്ക് പുതുതായി കുടിയേറിയവർക്ക് പത്ത് വര്‍ഷക്കാലം ഇവിടെ താമസിച്ചതിന് ശേഷം മാത്രമെ പി ആറിന് അപേക്ഷിക്കാന്‍ അര്‍ഹത നേടുകയുള്ളൂ എന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാൽ, ഈ നിയമം നിലവില്‍ ബ്രിട്ടനില്‍ ഉള്ളവര്‍ക്കും ബാധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന വാർത്ത യുകെ മലയാളികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ നിയമം യുകെയിൽ നിലവിൽ താമസിക്കുന്നവരെയും ബ്വാധിക്കും എന്നാണു ബിബിസി റിപ്പോർട്ടിൽ പറയുന്നത്. നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമം നിലവില്‍ വരുന്നത്.
കണ്‍സള്‍ട്ടേഷന്‍ നടത്തി പൊതുജനാഭിപ്രായം സ്വരൂപിച്ചതിനുശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കുക. . ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള രേഖകള്‍ വരുന്ന ആഴ്ചകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പി ആർ ലഭിക്കുന്നതിന് 10 വർഷം എന്ന പുതിയ കുടിയേറ്റ നയം നിലവിൽ വന്നാൽ ആയിരക്കണക്കിന് നഴ്സുമാര്‍ നാടുവിട്ട് പോകുന്നതിന് അത് ഇടയാക്കിയേക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ പി ആര്‍ സ്റ്റാറ്റസ് എന്ന വാഗ്ദാനം വിശ്വസിച്ച് യുകെയിൽ കുടിയേറിയ ആയിരക്കണക്കിന് വിദേശ നഴ്സുമാര്‍ നാടുവിടുന്നത് മലയാളികളിൽ മാത്രമല്ല ഇംഗ്ലണ്ടിന്റെ ആരോഗ്യമേഖലയിലും കാര്യമായി ബാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ബ്രിട്ടീഷ് പൗരന്മാരുടെ ആശ്രിതരായ, ബ്രിട്ടീഷ് പൗരന്മാര്‍ അല്ലാത്തവര്‍ക്ക് പി ആര്‍ സ്റ്റാറ്റസ് ലഭിക്കാന്‍ അഞ്ച് വര്‍ഷം മാത്രം യു കെയില്‍ തുടര്‍ന്നാല്‍ മതിയാകും എന്ന നിയമത്തിൽ മാറ്റമില്ല. അതുപോലെതന്നെ ബ്രിട്ടനിലെ എക്കണോമിക്ക് സംഭാവന നൽകുന്ന ആളുകൾക്ക് പെട്ടെന്നുതന്നെ പി ആർ കിട്ടുന്ന സംവിധാനം കൊണ്ടുവരും എന്നാണ് അറിയുന്നത്.