തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിൽ വിധി ഇന്ന് പറയുന്നത്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
2017 ൽ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ അതിദാരുണമായി കൊലപ്പെടുത്തിയ കേദൽ കെയിൽ ജെൻസൻ രാജയാണ് ഏകപ്രതി. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായിരുന്നു.
അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ആണ് പ്രതി അതിദാരുണമായി കൊലപ്പെടുത്തിയത്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരെ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവ ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. കേദലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാദം.
എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസിൽ വിചാരണ തുടങ്ങിയത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി കേദൽ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.