കോട്ടയം: ഏറ്റുമാനൂർ എം.സി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്.
രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അഗ്നിശമന സേനയും ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.