കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിൽ മോചിതനായതിന് പിന്നാലെ ‘ജയിൽ റിവ്യൂ’യുമായി ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി രംഗത്ത്. ജയിലിൽ പോകുന്നത് നല്ലൊരു അനുഭവമാണെന്നും സ്വാതന്ത്ര്യമൊഴികെ ബാക്കിയെല്ലാം അവിടെയുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു.
എല്ലാവരും ജയിൽ ജീവിതം ഒന്ന് എക്സ്പീരിയൻസ് ചെയ്യണമെന്നും സന്തോഷ് പറയുന്നുണ്ട്. ജയിലിൽ പോകുന്നതൊരു അനുഭവമാണ്. പോയി, ഇനി പോവാൻ താത്പര്യമില്ല. ഫ്രീഡമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാ സൗകര്യവുമുണ്ട്. എന്തായാലും നല്ലൊരു അനുഭവമാണ്. വലിയ പ്രശ്നമൊന്നുമില്ല. എല്ലാവരും ജയിൽ ജീവിതം ഒന്ന് എക്സ്പീരിയൻസ് ചെയ്യണം.
ഫുഡുണ്ട്. ഒരു പ്രശ്നവുമില്ല. പൊലീസുകാരും നല്ലതാണ്. നാളെ മുതൽ പുതിയൊരു ആറാട്ടണ്ണനെ കാണാം. ജാമ്യത്തിൽ ചില കണ്ടീഷൻസ് പറഞ്ഞിട്ടുണ്ട്. റിവ്യൂ തുടരും എന്നും തുടരും സിനിമ കാണണം എന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.
സിനിമാ നടികൾക്കെതിരെ അശ്ലീല പരാമർശവുമായി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ റിമാൻഡിലായ കഴിഞ്ഞ ദിവസമാണ് സന്തോഷ് വർക്കിക്ക് ജാമ്യം ലഭിച്ചത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷിന്റെ പരാമർശം.
താരസംഘടനയായ അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി അംഗം അൻസിബ ഹസൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലായിരുന്നു സന്തോഷിനെ അറസ്റ്റ് ചെയ്‌തത്. 11 ദിവസമായി റിമാൻഡിലാണെന്നും കസ്റ്റഡിയിൽ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ നടപടി.
ഹർജിക്കാരൻ സമൂഹ മാധ്യമങ്ങളിലൂടെ സമാനമായ പരാമർശങ്ങൾ നടത്തരുതെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാൽ സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നു പറഞ്ഞ കോടതി സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന് സന്തോഷ് വർക്കിക്ക് താക്കീത് നൽകി.