ന്യൂഡൽഹി: മദ്യത്തിന് അടിമയായിരുന്ന പൂർവകാലത്തെ പറ്റി തുറന്നു പറഞ്ഞ് ബോളിവുഡ് താരം ഹൃതിക് റോഷന്റെ സഹോദരിയായ സുനൈന റോഷൻ. ഗുരുതര രോഗങ്ങൾ ബാധിച്ചതോടെയാണ് താൻ മദ്യത്തിൽ അഭയം തേടിയതെന്നും സുനൈന പറഞ്ഞു.
മദ്യപിച്ചതിനു ശേഷം വെളിവില്ലാതെ കിടക്കയിൽ നിന്നൊക്കെ എഴുന്നേൽക്കുമ്പോൾ കസേരകളുടെ മേലേക്ക് പലപ്പോഴും വീഴുമായിരുന്നു എന്നും സുനൈന പറയുന്നു. താൻ തന്നെയാണ് മദ്യത്തിന്റെ ആസക്തിയിൽ നിന്നും മോചിതയാകണമെന്ന് തീരുമാനിച്ചത്. താൻ ആവശ്യപ്പെട്ടതനുസരിച്ച് കുടുംബാംഗങ്ങൾ തന്നെ പുനരധിവാസ കേന്ദ്രത്തിലാക്കിയെന്നും അവർ പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് ഹൃതിക് റോഷന്റെ സഹോദരി തുറന്നു സംസാരിച്ചത്.
ക്ഷയരോഗം, കാൻസർ, ഹെർപ്പസ് സോസ്റ്റർ പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് താൻ മദ്യപാനിയായതെന്നും അവർ പറഞ്ഞു. ഈ രോഗങ്ങളെ എങ്ങനെ ആത്മധൈര്യത്തോടെ നേരിടണമെന്നറിയാതെ അഭയം കണ്ടെത്തിയത് മദ്യഗ്ലാസുകളിലായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി.
‘രാപകലില്ലാതെ മദ്യപിക്കുമായിരുന്നു എന്നും ആ അവസ്ഥയിൽ ഏകദേശം ഒരു മാസം പിന്നിട്ടപ്പോൾ കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നതു പോലെ തോന്നി. പിന്നീട് എങ്ങനെയെങ്കിലും ഈ ദുരവസ്ഥയിൽ നിന്നും എന്നെ മോചിപ്പിക്കണമെന്നും വിദേശത്തുള്ള ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലേക്ക് എന്നെ മാറ്റണമെന്നും ഞാൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു.