കാൺപൂർ: ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശിയായ സലാവൂദ്ദീന്റെ ഭാര്യ സാനിയയാണ് ജീവനൊടുക്കിയത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. ഭർതൃവീട്ടിലെ പീഡനങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും മരിച്ച യുവതിയുടെ കുടുംബം പറയുന്നു.
യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് സലാവുദ്ദീനെതിരെയും ഇയാളുടെ ഏഴു ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മഹാരാഷ്‌ട്രയിലാണ് സലാവുദ്ദീൻ ജോലി ചെയുന്നത്. 2023 ഓഗസ്റ്റ് 7 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരമുള്ള സ്ത്രീധനം നൽകിയെന്നും യുവതിയുടെ കുടുംബം പറയുന്നുണ്ട്.
എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. തിങ്കളാഴ്ച സലാവുദ്ദീൻ ഒരു ഫോൺ കോളിലൂടെ ഭാര്യ സാനിയയെ മുത്തലാഖ് ചൊല്ലിയതായും അവരെ അധിക്ഷേപിച്ചതായും പോലീസ് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ മനംനൊന്ത് സാനിയ അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതിയുടെ ഭർത്താവ്, അമ്മ സൈറ, ഭർതൃ സഹോദരിമാരായ ആസിയ, ഖുഷ്ബു, റോസി, ഭർതൃ സഹോദരന്മാരായ സിയാ-ഉൾ-ഔദ്ദീൻ, ബലൗദ്ദീൻ എന്നിവർ സ്ത്രീധനത്തിനായി സാനിയയെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു