പാലക്കാട്: പുലിപ്പല്ല് മാല, കഞ്ചാവ് കേസുകൾക്ക് പിന്നാലെ റാപ്പർ വേടന് വീണ്ടും തിരിച്ചടി. പാലക്കാട് എലപ്പുള്ളി ഫെസ്റ്റിൽ നിശ്ചയിച്ചിരുന്ന വേടന്റെ മെഗാ ഇവന്റ് പരിപാടി റദ്ദാക്കി. മെയ് ഒന്നിന് നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്.
വേടന് പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാഷോ നടത്താനാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയർമാൻ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു. പരിപാടിക്കായുള്ള ടിക്കറ്റ് വില്പന ഇതിനോടകം തന്നെ പൂർത്തിയായിരുന്നു.
അതേസമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ കൂട്ടിച്ചേർത്തു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു.
പുലിപ്പല്ല് കേസിൽ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചിട്ടുണ്ട്. വിയ്യൂർ സരസ ജ്വല്ലറിയിലാണ് എത്തിച്ചത്. വേടനെതിരെ വനംവകുപ്പ് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.