ബെംഗളൂരു: പരീക്ഷ വിജയിപ്പിക്കുന്നതിനായി ഉത്തരക്കടലാസിനുള്ളിൽ നോട്ടുകളും അപേക്ഷയും വെച്ച് വിദ്യാർഥികൾ. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസിനുള്ളിലാണ് പൈസയും അപേക്ഷയും കണ്ടെത്തിയത്.
പരീക്ഷ പാസാകാൻ സഹായിക്കണമെന്ന അഭ്യർത്ഥനയോടെ ഒരു വിദ്യാർത്ഥി ഉത്തരക്കടലാസിൽ 500 രൂപയുടെ നോട്ടാണ് വെച്ചിരുന്നത്. ഇൻവിജിലേറ്ററുടെ സ്നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കുന്നുവെന്നും ചില അഭ്യർത്ഥനകളിൽ കുറിച്ചിട്ടുണ്ട്.
‘സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ’ എന്നാണ് മറ്റൊരു വിദ്യാർത്ഥിയുടെ അഭ്യർത്ഥന. പരീക്ഷ പാസാകാൻ അധ്യാപകൻ സഹായിക്കുമെങ്കിൽ കൂടുതൽ പണം നൽകാമെന്നും ചിലർ വാഗ്ദാനം നൽകിയിട്ടുണ്ട്.
‘എന്നെ വിജയിപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് പണം തരാം’ എന്നും തങ്ങളുടെ ഭാവി ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും കുറിച്ചവരുണ്ട്. കൂട്ടത്തിൽ വിജയിപ്പിച്ചില്ലെങ്കിൽ മാതാപിതാക്കൾ കോളേജിലേയ്ക്ക് അയക്കില്ല എന്നും വിഷമം പങ്കുവെക്കുന്നുണ്ട്. ഈ ഉത്തര കടലാസുകളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.