കാസർകോട്: കണ്ണൂർ സർവകലാശാലയിലെ അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.അജീഷിനെതിരെയാണ് നടപടി.
പ്രിൻസിപ്പലും 9 വിദ്യാർഥികളും അടങ്ങിയ വാട്സാപ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് ആണ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തതെന്ന് സർവകലാശാല കണ്ടെത്തിയിരുന്നു. ഈ വാട്സാപ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ചോദ്യച്ചോർച്ച സംബന്ധിച്ച് വൈസ് ചാൻസലർക്ക് സിൻഡിക്കറ്റ് സമിതി റിപ്പോർട്ട് കൈമാറി. കേസ് സൈബർ സെല്ലും അന്വേഷിക്കും.
മാർച്ച് 18 മുതൽ ഈ മാസം 2 വരെയായിരുന്നു ബിസിഎ പരീക്ഷ നടന്നത്. എന്നാൽ സർവകലാശാലാ പരീക്ഷാ സ്ക്വാഡ് ഈ മാസം രണ്ടിനു ഗ്രീൻവുഡ്സ് കോളജിൽ എത്തിയപ്പോഴാണ് ചോദ്യച്ചോർച്ച കണ്ടെത്തിയത്. പരീക്ഷയ്ക്കു മുൻപു പ്രധാന ചോദ്യങ്ങൾ പ്രിൻസിപ്പൽ വാട്സാപ്പിൽ നൽകിയെന്നും ഇതു മുൻപും ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും സ്ക്വാഡ് സ്ഥിരീകരിച്ചു.
വിദ്യാർഥികൾ തന്നെയാണ് മൊഴി നൽകിയത്. സംഭവത്തെ തുടർന്ന് ഈ കോളജിൽ നടന്ന പരീക്ഷകളെല്ലാം റദ്ദാക്കിയേക്കും. അതേസമയം മറ്റു കോളജുകളിലെ പരീക്ഷ റദ്ദാക്കില്ല. ഗ്രീൻവുഡ്സ് കോളജിൽ ഇനി പരീക്ഷകൾ നടത്തില്ലെന്നും വിദ്യാർഥികൾക്കു കാസർകോട് ഗവ.കോളജിൽ പരീക്ഷകളെഴുതാമെന്നും സർവകലാശാല വ്യക്തമാക്കി.