പാലക്കാട്: ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് അപകടമുണ്ടായത്. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ(20) ആണ് മരിച്ചത്. കോഴിയുമായി വന്നിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
മലപ്പുറം സ്വദേശികളായ യുവാക്കള്‍ കൊടൈക്കനാൽ യാത്രക്കിടെ ചായകുടിക്കുന്നതിന് വേണ്ടി വാഹനം നിര്‍ത്തിയതാണ്. ഇവർ വഴിയരികില്‍ നില്‍ക്കുന്ന സമയത്ത് കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ അഞ്ച് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ഇവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തഹ്സീലിന്റെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയില്‍ തുടരുകയാണ്.
അപകടത്തിൽ പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.