ചണ്ഡീഗഢ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ഗംഭീരജയം. 16 റണ്‍സിന്റെ ജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്വേന്ദ്ര ചാഹലാണ് കൊൽക്കത്തയെ തകർത്തത്.
28 പന്തില്‍ 37 റണ്‍സ് നേടിയ രഘുവന്‍ഷിയാണ് കൊല്‍ക്കത്തത്തയുടെ ടോപ് സ്‌കോറര്‍.
കൊല്‍ക്കത്തയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഏഴു റണ്‍സിനിടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നെയും (5), ക്വിന്റണ്‍ ഡിക്കോക്കിനെയും (2) നഷ്ടമായതോടെ തുടക്കം തന്നെ പാളി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ – ആംഗ്രിഷ് രഘുവംശി സഖ്യം 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ വന്നു.
പക്ഷേ തുടരെ വിക്കറ്റുകള്‍ പിഴുത് പഞ്ചാബ്, കൊല്‍ക്കത്തയെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. എട്ടാം ഓവറില്‍ രഹാനെ (17), പത്താം ഓവറില്‍ രഘുവംശി (37), 11ാം ഓവറില്‍ വെങ്കടേഷ് അയ്യര്‍ (7), 12ാം ഓവറില്‍ റിങ്കു സിങ് (2), അതേ ഓവറിലെ തൊട്ടടുത്ത പന്തില്‍ രമണ്‍ദീപ് സിങ് (0) തുടങ്ങിയവരെ നഷ്ടമായതോടെ കൊല്‍ക്കത്ത ഏഴിന് 76 റണ്‍സ് എന്ന നിലയിലായി.
ആന്ദ്രേ റസ്സല്‍ ക്രീസിലുണ്ടായിരുന്നതായിരുന്നു കൊല്‍ക്കത്തയുടെ ഏക പ്രതീക്ഷ. ഇതിനിടെ ഹര്‍ഷിത് റാണ (3), വൈഭവ് അറോറ (0) എന്നിവരെയും മടക്കി പഞ്ചാബ് കളിതിരിച്ചു വിട്ടു. 16-ാം ഓവറിലെ ആദ്യ പന്തില്‍ റസ്സലിനെ (11 പന്തില്‍ 17) പുറത്താക്കി യാന്‍സന്‍ പഞ്ചാബിന്റെ ജയം കുറിച്ചു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ വരിഞ്ഞു കെട്ടിയത്.
30 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിംഗാണ് ടോപ് സ്‌കോറര്‍. പ്രിയാന്‍ഷ് ആര്യ 22 റണ്‍സെടുത്തു.