ചെന്നൈ: നായകനായി വെറ്ററൻ താരം എം.എസ്. ധോണി തിരിച്ചെത്തിയപ്പോഴും ചെന്നൈ സൂപ്പർ കിങ്സിന് തോൽക്കാനായിരുന്നു വിധി! സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ വൻ തോൽവി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് ഈ ഐ.പി.എൽ സീസണിലെ ഏറ്റവും ചെറിയ സ്കോറിനാണ് പുറത്തായത്.
ഒരുഘട്ടത്തിൽ ഐ.പി.എല്ലിലെ ഏറ്റവും ചെറിയ ടോട്ടലിനു പുറത്താകുമെന്നുവരെ ചെന്നൈ ആരാധകർ ആശങ്കപ്പെട്ടിരുന്നു.
ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ തിരിച്ചുവരവ്. എന്നാൽ, ആ തിരിച്ചുവരവിലും ആരാധകരെ നിരാശപ്പെടുത്തി.
ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ താരത്തിന് നാലു പന്തിൽ ഒരു റണ്സ് മാത്രമാണ് എടുക്കാനായത്. സുനിൽ നരെയ്ന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് ധോണി ഔട്ടായത്.
ഈസമയം ഹിന്ദി കമന്‍ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം നവജോത് സിങ് സിദ്ദു നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പതിവുപോലെ വലിയ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ധോണിയെ ആരാധകർ ഗ്രൗണ്ടിലേക്ക് വരവേറ്റത്.
എന്നാൽ, നരെയ്ന്‍റെ പന്തിൽ താരം പുറത്തായതോടെ ഗ്രൗണ്ട് ആകെ നിശ്ശബ്ദമായി. ‘ധോണി വരുന്നേ… സിംഹം വരുന്നേ എന്ന് പറഞ്ഞ് ജനം ആർത്തുവിളിക്കുകയായരിന്നു, അതിരുവിട്ട ആവേശവും ആഘോഷവുമായിരുന്നു, ഒടുവിൽ ഒന്നും സംഭവിച്ചില്ലെെന്നാണ്സിദ്ദു പറഞ്ഞത്.
കമൻ്ററിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെന്നൈ കുറിച്ച 104 റൺസ് വിജയലക്ഷ്യം 10.1 ഓവറിൽ അനായാസം കൊൽക്കത്ത മറികടക്കുകയായിരുന്നു.
സീസണിൽ സി.എസ്.കെയുടെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇത്. ടീമിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നാണ് ധോണി മത്സരശേഷം പ്രതികരിച്ചത്. തിങ്കളാഴ്ച ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ അവരുടെ തട്ടകത്തിലാണ് ചെന്നൈയുടെ അടുത്ത മത്സരം. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം ചെന്നൈ ജയിക്കണം.