റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. രണ്ടു സ്ത്രീകളെ ഉൾപ്പെടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. നാരായൺപൂർ – കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടൻമാർ സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു.
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഇത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വലിയ ആയുധ ശേഖരവും കണ്ടെത്തി. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്‍റെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്‍റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ ഏറ്റുമുട്ടലുകളിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തർ മേഖലയിൽ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളാണ് വധിക്കപ്പെട്ടത്.